കിഷ്ത്വാറിലും മേഘവിസ്ഫോടനം;10 പേർ മരിച്ചതായി റിപ്പോർട്ട്
ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാവറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ചാസോതി ഗ്രാമത്തിൽ ശക്തമായ മഴയാണ് ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളിൽ പലതും മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയതായി ഡപ്യൂട്ടി കമ്മിഷണർ പങ്കജ് കുമാർ ശർമ പറയുന്നു. മചൈൽ മാതാ തീർഥാടനം താത്കാലികമായി നിർത്തിവച്ചു. തീർഥാടനം ആരംഭിക്കുന്നത് ചാസോതി ഗ്രാമത്തിൽ നിന്നാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്ന അവസ്ഥയിലാണ്.
ഹിമാചൽ പ്രദേശിലും മേഘവിസ്ഫോടനം മൂലം മിന്നൽ പ്രളയമുണ്ടായിരുന്നു. കിന്നൗർ ജില്ലയിലെ ഹോജിസ് ലുങ്പ നാല നദിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ എച്ച്‌എഡിആർ സംഘത്തിന്‍റെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് വ്യാഴാഴ്ച സൈന്യം അറിയിച്ചു.