ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയും യുഎസ് പ്രതിനിധി സെർജിയോ ഗോറും
ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദി ധാക്കയിലെ അമെരിക്കൻ അംബാസിഡറും ദക്ഷിണ മധ്യ ഏഷ്യയുടെ പ്രത്യേക പ്രതിനിധിയുമായ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ വിവിധ നയതന്ത്ര താൽപര്യങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഈ വർഷം ജൂണിലാണ് ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചത്. വ്യാഴാഴ്ചയാണ് സെർജിയോ ഗോർ തന്‍റെ ആദ്യ ഔദ്യോഗിക ബംഗ്ലാദേശ് സന്ദർശനം ആരംഭിച്ചത്. ബംഗാൾ ഉൾക്കടൽ മേഖലയിലെ അമെരിക്കയുടെ തന്ത്രപരമായ ഇടപെടലുകളിൽ ഇന്ത്യയ്ക്ക് നിർണായക സ്ഥാനമുണ്ട്.
ഈ സാഹചര്യത്തിൽ ദക്ഷിണേഷ്യൻ നയതന്ത്ര രംഗത്ത് പ്രധാന പങ്കാളിയായി ഗോർ മാറിയിരിക്കുകയാണ്. ബംഗ്ലാദേശിന്‍റെ വിദേശ നയത്തിൽ അടുത്തിടെ ചൈനയ്ക്കുള്ള സ്വാധീനം വർധിക്കുന്ന സാഹചര്യത്തിലാണ് ഗോറിന്‍റെ സന്ദർശനമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. ചൈനയുമായി ബന്ധപ്പെട്ട മ്യാൻമർ കോറിഡോർ പദ്ധതികളിലേയ്ക്ക് ഉള്ള ധാക്കയുടെ നീക്കങ്ങളിൽ അമെരിക്കയ്ക്ക് ആശങ്കയുണ്ടെന്നും മേഖലയിലെ തങ്ങളുടെ നിലപാട് ഗോർ വ്യക്തമാക്കുമെന്നും റിപ്പോർട്ടുണ്ട്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. ഖലീലുർ റഹ്മാൻ
ഗോറിന്‍റെ സന്ദർശനത്തെ ശ്രദ്ധേയമായ ഒന്നാണെന്ന് വിശേഷിപ്പിച്ചു. ബംഗ്ലാദേശിനെ കൂടുതൽ മനസിലാക്കുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യമെന്നും കോക്സ് ബസാറിലെ റോഹിങ്ക്യ അഭയാർഥി ക്യാംപുകളും ഗോർ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ഇന്ത്യ- ബംഗ്ലാദേശ് ബന്ധം , റോഹിങ്ക്യ വിഷയങ്ങൾ, മ്യാൻമറിലെ മാനുഷിക ഇടനാഴി തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ പ്രധാനമാകുമെന്നാണ് പ്രതീക്ഷ.