ന്യൂഡല്‍ഹി: ജീവിക്കാനും വിദ്യാഭ്യാസത്തിനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്‍റെ ഭാഗമാണ് ആർത്തവ ശുചിത്വമെന്നു സുപ്രീം കോടതി. ഇതു സ്‌ത്രീയുടെ വ്യക്തിപരമായ വിഷയമല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്തമായി തിരിച്ചറിയണമെന്ന് ഓർമപ്പെടുത്തിയ സുപ്രീം കോടതി വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
സർക്കാർ, സ്വകാര്യ മേഖലയിലുള്ള മുഴുവൻ സ്കൂളുകളിലും പെൺകുട്ടികൾക്ക് ജൈവികമായി സംസ്‌കരിക്കാനാകുന്ന നാപ്കിനുകളാണു നൽകേണ്ടത്. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആർത്തവ ശുചിത്വം സംബന്ധിച്ച ബോധവത്കരണം ആണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്‍കണം. സ്കൂളുകളിൽ ആര്‍ത്തവത്തെക്കുറിച്ചുള്ള തുറന്ന സംവാദങ്ങളാണു നടത്തേണ്ടത്. ഇവിടെ ഇവിടെ ലജ്ജയുടെ വിഷയം ഉദിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്‍റെ ആര്‍ത്തവ ശുചിത്വ നയം രാജ്യമെമ്പാടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. 2024 ഡിസംബര്‍ പത്തിനാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്‌ഡഡ് വിദ്യാലയങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ വിദ്യാർഥിനികള്‍ക്ക് നല്‍കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 127 പേജുള്ള സുദീര്‍ഘമായ വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്.
ആര്‍ത്തവം ഒരു ശിക്ഷയാകരുതെന്നും ഇത് മൂലം ഒരു പെണ്‍കുട്ടിയും വിദ്യാഭ്യാസം അവസാനിപ്പിക്കരുതെന്നും അമെരിക്കന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ മെലിസ ബെര്‍ട്ടന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.