ഹിമാചലിലെ സ്കൂളുകളിൽ മൊബൈൽ ഫോണിന് വിലക്ക്
representative image
ഷിംല: സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. സ്കൂൾ പ്രവർത്തി സമയങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ഫോൺ ഉപയോഗിക്കരുതെന്നാണ് ഉത്തരവ്. പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
ക്ലാസിലേക്ക് പോകുന്നതിനുമുമ്പ് അധ്യാപകർ മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് നിർദേശം നൽകുകയും വിദ്യാർഥികൾ സ്‌കൂളുകളിൽ ഫോണുകൾ കൊണ്ടുവരരുതെന്ന് നിർദേശിക്കുന്നതുമാണ് ഉത്തരവ്.
എന്തെങ്കിലും അത്യാവശ സന്ദർഭങ്ങൾ ഉണ്ടാവുകയാണെങ്കിൽ സ്കൂളിലെ ലാൻഡ് ലൈനുകൾ ഉപയോഗപ്പെടുത്താമെന്നും ഉത്തരവിലുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഹിമാചലിലെ എല്ലാ സ്കൂളുകളിലെയും നോട്ടീസ് ബോർഡിൽ പതിപ്പിക്കണമെന്നും നിർദേശമുണ്ട്.