ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനിലും തെരുവുനായ്ക്കൾ വേണ്ട; 8 ആഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി
file image
ന്യൂഡൽഹി: ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും അടക്കമുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്പോർട് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് നീക്കണമെന്നാണ് ഉത്തരവ്. എട്ട് ആഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കർശന നിർദേശമുണ്ട്.
ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത , എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. പിടികൂടുന്ന പ്രദേശത്ത് തന്നെ തെരുവുനായ്ക്കളെ ഉപേക്ഷിക്കരുതെന്ന് ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിൽ ഉൾപ്പെടെ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നിരവധി പേർക്ക് പരുക്കേൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. ദേശീയ പാതകൾ , എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ നിന്ന് കന്നുകാലികൾ അടക്കം അലഞ്ഞു തിരിയുന്ന മൃഗങ്ങളെയെല്ലാം പിടികൂടി ഷെൽറ്ററിൽ എത്തിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
ദേശീയ പാതകളിൽ കന്നുകാലികൾ അടക്കം മൃഗങ്ങൾ ധാരാളമായി അലഞ്ഞു തിരിയുന്ന പ്രദേശങ്ങൾ കണ്ടെത്താൻ നാഷണൽ ഹൈവേയ്സ് അഥോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 13ന് കേസിൽ വീണ്ടും വാദം കേൾക്കും.