കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധം നടത്തുന്നു

 
India

സിജെപി സമരത്തിന് പിന്തുണ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; സമരമുഖത്ത് രാഹുലും പ്രിയങ്കയും

കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സമരത്തിന് എത്തി

Sarath Nath MS

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരം അതിശക്തമാവുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്‍റ് മാർച്ചിനു നേരെ ഡൽഹി പൊലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ ചൊവ്വാഴ്ച വൈകിട്ട് കോൺഗ്രസിന്‍റെ അപ്രതീക്ഷിത സമരം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ അടക്കമുള്ള കോൺഗ്രസിന്‍റെ എംപിമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സിജെപി നേതാവ് അഭിജിത് ദീപ്‌കെയും സമരവേദിയിൽ ഉണ്ട്. പ്രതിഷേധ സൂചകമായി കൈകൾ കെട്ടിയിട്ടാണ് സമരം.

ഉച്ചയ്ക്ക് 10 രാജാജി മാര്‍ഗിലെ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ പ്രകടനമായാണ് കോണ്‍ഗ്രസ് നേതാക്കൾ ഒരു കിലോമീറ്റര്‍ അകലെയുള്ള 7 ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്‍റെ ഈ നീക്കം. പ്രധാനമന്ത്രിയുടെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസിന്‍റെ സമരം.

അതേസമയം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം ഡൽഹി പൊലീസ് തുടങ്ങിയിട്ടുണ്ട്. മന്ത്രി പി.സി. വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവരെ അറസ്റ്റു ചെയ്ത് നീക്കി. റോഡിലൂടെ വലിച്ചിഴച്ചാണ് ഡീനിനെ അറസ്റ്റു ചെയ്തത്. സമരത്തിൽ പങ്കെടുക്കാൻ എത്തിയ എംപിമാരിൽ പകുതിയോളം പേരെ ഇതിനകം അറസ്റ്റു ചെയ്ത് നീക്കിയെന്നാണ് വിവരം.

അതീവസുരക്ഷാ മേഖലയാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന ലോക് കല്യാൺ മാർഗ്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയിലാണ് കോൺഗ്രസിന്‍റെ പ്രതിഷേധം നടക്കുന്നത്. അതിനാൽ ഡൽഹി പൊലീസ് കനത്ത നടപടിയിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും എസ്‌പിജി, ബിഎസ്എഫ് എന്നീ സേനകൾ സുരക്ഷാവലയം തീർത്തു.

ഇതിനിടെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സ്ഥലത്തെത്തി. രാഹുൽ ഗാന്ധിയുമായി അരമണിക്കൂറോളം സംസാരിച്ച അദ്ദേഹം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന് അദ്ദേഹം മടങ്ങി. ആഭ്യന്തര സെക്രട്ടറിയും സ്ഥലത്തെത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് രാഹുൽ ഗാന്ധി ജിതേന്ദ്ര സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരാനാണ് കോൺഗ്രസിന്‍റെ തീരുമാനം.

അതേസമയം കൊടിക്കുന്നിൽ സുരേഷ് എംപിയെ ഹരിയാന അതിർത്തിയിലെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അന്യായമായാണ് തന്നെ തടഞ്ഞുവച്ചിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് ടെലിഫോണിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു