വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുമായി സ്ലീപ്പർ യാത്ര അനുവദിക്കില്ല
Representative image
ഇന്ത്യൻ റെയ്ൽവേയുടെ പുതിയ മാനദണ്ഡം അനുസരിച്ച് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് സ്ലീപ്പര്‍/എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല. ഈ യാത്രക്കാരെ ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. നിലവില്‍ കൗണ്ടറുകളില്‍ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു.
മേയ് ഒന്നുമുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നത്. ഐആര്‍സിടിസി വഴി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ യാത്രയ്ക്ക് മുന്‍പ് കണ്‍ഫേം ആയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്നതാണ് പതിവ്. ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമ്പോള്‍ ടിക്കറ്റ് തുകയുടെ നിശ്ചിത ശതമാനം ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യും.
എന്നാല്‍ കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന ഓഫ്‌ലൈന്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാര്‍ ഇപ്പോഴും സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നുണ്ട്. ഇത് കണ്‍ഫേം ടിക്കറ്റ് യാത്രക്കാരെ ബാധിക്കുന്നുവെന്ന് വിലയിരുത്തിയാണ് പുതിയ പരിഷ്കാരം.