ആൻഡമാനിൽ പ്രകൃതിവാതക ശേഖരം; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ആൻഡമാൻ ദ്വീപുകളിൽ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി വെളിപ്പെടുത്തി ഓയിൽ ഇന്ത്യ ലിമിറ്റഡ്. എത്രത്തോളം വലിയ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത് പുറത്തു വിട്ടിട്ടില്ല. വിജയപുരം-2 വിലെ ഖനനം നടത്തിയപ്പോഴാണ് വാതക ശേഖരം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ പ്രകൃതി വാതകത്തിിന്‍റെ സാന്നിധ്യം വ്യക്തമായെന്നും ഓയിൽ ഇന്ത്യ ലിമിറ്റഡ് പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏതു തരം വാതകമാണെന്ന് കണ്ടെത്തുന്നതിനായി ഗ്യാസ് ഐസോടോപ്പ് പഠനങ്ങൾ ആരംഭിച്ചതായും പ്രസ്താവനയിലുണ്ട്. ഓയിൽ ഇന്ത്യ ലിമിറ്റഡും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനും(ഒഎൻജിസി) ഒന്നിച്ചാണ് ആൻഡമാൻ കടലിൽ ഹൈഡ്രോ കാർബൺ ശേഖരത്തിനായി തെരച്ചിൽ നടത്തുന്നത്.
ശേഖരം കണ്ടെത്തിയാൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 88 ശതമാനവും പ്രകൃതിവാതക ഇറക്കുമതിയുടെ 50 ശതമാനവും ഒഴിവാക്കാം. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൽ തീരത്ത് തീരത്തു നിന്നും 9.20 നോട്ടികൾ മൈൽ അകലെ നടത്തിയ ഖനനത്തിലാണ് പ്രകൃതിവാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്. വരുന്ന മാസങ്ങളിൽ ഇവിടെ എത്രത്തോളം വാതകശേഖരമുണ്ടെന്നും അതെങ്ങനെ ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താം എന്നും വ്യക്തമായ സൂചന ലഭിക്കും.