ഓൺലൈൻ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു; ഗൂഗിളിനും മെറ്റക്കും ഇഡി നോട്ടീസ്
ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിൽ ഗൂഗിളിനും മെറ്റയ്ക്കും ഇഡിയുടെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം.
കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതര സാമ്പത്തിക കുറ്റങ്ങൾക്ക് നിലവിൽ അന്വേഷണത്തിലിരിക്കുന്ന വാതുവെപ്പ് ആപ്പുകളെ മെറ്റയും ഗൂഗിളും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഇഡി കണ്ടെത്തിയതോടെയാണ് നടപടി.
മെറ്റയും ഗൂഗിളും ഇത്തരം ആപ്പുകൾക്കായി പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകൾ നൽകിയെന്നും ഇത്തരം വെബ്സൈറ്റുകൾക്ക് പ്രാധാന്യം നൽകുകയാണെന്നും ഇഡി ആരോപിക്കുന്നു. നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചെന്നുകാട്ടി 29 ഓളം സെലിബ്രിറ്റികൾക്കെതിരേയും ഇൻഫ്ലുവൻസർമാർക്കെതിരേയും കേസി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗൂഗിളിനും മെറ്റയ്ക്കും ഇഡി നോട്ടീസ് അയച്ചത്.