ഹാഷിം മൂസ

 
India

പഹൽഗാം ആസൂത്രകനെ വധിച്ചു

കൊല്ലപ്പെട്ടത് ഹാഷിം മൂസയുൾപ്പെടെ മൂന്നു ലഷ്കർ ഭീകരർ | ഹാഷിം മൂസ പാക് സൈന്യത്തിലെ മുൻ കമാൻഡോ

ശ്രീനഗർ: പഹൽഗാം ആക്രമണത്തിന്‍റെ ആസൂത്രകനുൾപ്പെടെ മൂന്നു കൊടുംഭീകരരെ കരസേനയുടെ കമാൻഡോകൾ ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മു കശ്മീരിൽ ശ്രീനഗറിനു സമീപം ഹർവാനിലെ മുൾനാറിലുള്ള വനമേഖലയിൽ 'ഓപ്പറേഷൻ മഹാദേവ്' എന്നു പേരിട്ട സൈനിക നടപടിയിലാണ് നിർണായക നേട്ടം. പഹൽഗാം ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ സുലൈമാൻ (സുലൈമാൻ ഷാ, ആസിഫ്, ഹാഷിം മൂസ) കൂട്ടാളികളായ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെയാണ് വധിച്ചത്.

പാക് ഭീകര സംഘടന ലഷ്കർ ഇ തൊയ്ബയുടെ ഭീകരരാണ് ഇവർ. പഹൽഗാമിൽ ഭീകരർ ഉപയോഗിച്ച അതേ ചൈനീസ് സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതിനെത്തുടർന്നു സൈന്യത്തിന്‍റെ കമാൻഡോകൾ ഇവിടം വളയുകയായിരുന്നു. സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സൈനിക നടപടിക്കു പിന്തുണ നൽകി.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണമുണ്ടായി മൂന്നു മാസം പിന്നിടുമ്പോഴാണ് കൃത്യവുമായി നേരിട്ടു ബന്ധമുള്ള ഭീകരനെ വധിക്കുന്നത്. ഏറെക്കാലമായി രക്ഷാസേന തേടുന്ന ഭീകരനാണു സുലൈമാൻ. പാക് സേനയുടെ കമാൻഡോ വിഭാഗമായ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ (എസ്എസ്ജി) അംഗമായിരുന്നു സുലൈമാൻ. ഇതിനുശേഷം ലഷ്കർ ഇ തൊയ്ബയിൽ ചേർന്ന ഇയാൾ 2023ലാണ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതെന്നാണു റിപ്പോർട്ട്.

2024 ഒക്റ്റോബറില്‍ സോനാമാര്‍ഗിൽ ഏഴു തുരങ്കനിര്‍മാണ തൊഴിലാളികളെ കൂട്ടക്കൊല ചെയ്തതിൽ ഇയാൾക്കു പങ്കുണ്ടായിരുന്നു. ജമ്മുകശ്മീരില്‍ ആറ് ഭീകരാക്രമണങ്ങളില്‍ സുലൈമാന് പങ്കുണ്ടെന്നു പൊലീസ്. സോനാമാർഗ് ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ട ജിബ്രാനും പങ്കുണ്ട്. കൊല്ലപ്പെട്ടവരിൽ നിന്ന് രണ്ട് എകെ 47 തോക്കുകറും ഒരു എം4 കാർബൈൻ റൈഫിളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. സുലൈമാൻ ഷായുടെ തലയ്ക്ക് പൊലീസ് 20 ലക്ഷം രൂപ വിലയിട്ടിരുന്നു.

ഭീകരർക്ക് പ്രാദേശിക സഹായം നൽകിയതിന് പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

'കുടുംബത്തിന്‍റെ മാനം രക്ഷിക്കണം'; HIV പോസിറ്റീവായ യുവാവിനെ കൊന്ന് സഹോദരി

''വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടും''; ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതി

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നതിൽ ഉറച്ചു നിൽക്കുന്നു: കാന്തപുരം

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും