ഹാഫിസ് സയീദ്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ മേധാവി ഹാഫിസ് സയീദിനെ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
ജമ്മു കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ലഷ്കർ മേധാവിയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിനുള്ള ഗൂഢാലോചനയില്‍ ഹാഫിസ് സയീദിന്റെ പങ്ക് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് 1597 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അനുബന്ധമായി തിങ്കളാഴ്ച സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഹാഫിസ് സയീദിനെ ഉള്‍പ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിത, യുഎപിഎ എന്നിവ പ്രകാരമാണ് ഹാഫിസിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ അടക്കം പങ്കുള്ള ഹാഫിസ് സയീദ് ഇന്ത്യ തേടുന്ന ഏറ്റവും വലിയ തീവ്രവാദിയാണ്.
ആദ്യ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത മൂന്നു പാക്കിസ്ഥാന്‍ ഭീകരര്‍ 2025 ജൂലൈയില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ടിരുന്നു. 2025 ഏപ്രില്‍ 22നാണ് പഹല്‍ഗാം ഭീകരാക്രമണം നടന്നത്.