ജസ്റ്റിസ് യശ്വന്ത് വർമ
ന‍്യൂഡൽഹി: വീട്ടിൽ നിന്നു കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന ആരോപണത്തെ തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമക്കെതിരേ ഉടനെ കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. യശ്വന്ത് വർമക്കെതിരേ ഉടനെ കേസെടുക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രൂപീകരിച്ച ജഡ്ജിമാരുടെ അന്വേഷണ സമിതി വിഷയം അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ അധ‍്യക്ഷനായ ബെഞ്ച് അറിയിച്ചു.
ജസ്റ്റിസിനെതിരായ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത്. അന്വേഷണം നേരിടുന്നതിനാൽ ജുഡീഷ‍്യൽ ജോലിയിൽ നിന്നും യശ്വന്ത് വർമയെ മാറ്റി നിർത്തണമെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ‍്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടാവുകയും തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങൾ കണക്കിൽപ്പെടാത്ത 15 കോടി രൂപ കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ കാര‍്യം സ്ഥിരീകരിച്ചിട്ടില്ല.
ജസ്റ്റിസിന്‍റെ വസതിയിൽ നിന്നും പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗർഗ് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് പണം കണ്ടെത്തിയിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.