പിഎച്ച്ഡി വിദ്യാർഥിനി ജ്യോതി
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിനി വൈദ്യുതാഘാതമേറ്റു മരിച്ചു. മൈക്രോ ബയോളജി വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിനിയായിരുന്ന ഹരിയാനയിലെ രേവാഡി സ്വദേശിനിയായ ജ്യോതി (28) ആണ് മരിച്ചത്. ചണ്ഡിഗഢിലെ സർവകലാശാല ക്യാമ്പസിലാണ് സംഭവം.
ഹോസ്റ്റലിൽ നിന്ന് മൈക്രോ ബയോളജി വിഭാഗത്തിലേക്ക് പോകവേ വെള്ളക്കെട്ട് ഒഴിവാക്കാൻ ടാറിടാത്ത വഴിയിലൂടെ നടക്കവേ സമീപത്തെ ഇലക്‌ട്രിക് ബോക്സിൽ നിന്ന് തറയിലൂടെ കടന്നുപോവുകയായിരുന്ന ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. കുഴഞ്ഞുവീണ ജ്യോതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് നൂറുകണക്കിനു വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു. വിദ്യാർഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് വിദ്യാർഥിനിയുടെ കുടുംബവുമായി ചൊവ്വാഴ്ച രാത്രി വൈകി ചർച്ച നടത്തിയ സർവകലാശാല അധികൃതർ 16 ലക്ഷം രൂപ നഷ്ടപരിഹാരവും സഹോദരന് ജോലിയും നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഐടിഐ ഇലക്‌ട്രിക്കൽ ഡിപ്ലോമയുള്ള സഹോദരന് ഇലക്‌ട്രീഷ്യനായാണ് ജോലി നൽകുകയെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
കർഷകനായ ജ്യോതിയുടെ അച്ഛൻ ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായും ജോലി ചെയ്തുവരികയാണ്. വീട്ടമ്മയാണ് ജ്യോതിയുടെ മാതാവ്. തനിക്ക് ലഭിച്ചിരുന്ന സീനിയർ റിസർച്ച് ഫെലോഷിപ്പിലൂടെയാണ് ജ്യോതി കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിരുന്നത്. സംഭവത്തിൽ ചണ്ഡിഗഢ് സെക്റ്റർ 11 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.