എഐസിസി ജനറൽ സെക്രട്ടറി മീനാക്ഷി നടരാജൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

 

File

India

പൊളിറ്റിക്കൽ ത്രില്ലർ സിനിമ പോലെ മധ്യ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്

മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയതിനു കാരണം കോൺഗ്രസിലെ പാരവയ്പ്പോ അതോ ബിജെപിയുടെ അളന്നു കുറിച്ചു നീക്കമോ?

VK SANJU

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ് ഒരു പൊളിറ്റിക്കൽ ത്രില്ലറായി മാറിയിരിക്കുകയാണ്. തെലങ്കാനയിലെ പഴയ കേസുമായി ബന്ധപ്പെട്ട രേഖകൾ പെട്ടെന്ന് ബിജെപിയുടെ കൈകളിലെത്തിയതോടെ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്‍റെ നാമനിർദേശം തള്ളപ്പെട്ടു. രേഖ ചോരാൻ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹമോ ബിജെപിയുടെ ചാരവലയം തന്നെയോ കാരണമെന്ന സംശയങ്ങൾ രാഷ്ട്രീയ ചൂട് കൂട്ടുന്നു.

ഭോപ്പാൽ: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ കേവലം ഒരു വോട്ടെടുപ്പല്ല, മറിച്ച് ഡൽഹിയെയും ഭോപ്പാലിനെയും ഹൈദരാബാദിനെയും ഒരേസമയം പിടിച്ചുകുലുക്കുന്ന ഒരു ഒന്നാന്തരം പൊളിറ്റിക്കൽ ത്രില്ലറായി മാറിയിരിക്കുകയാണ്. അണിയറയിൽ ഒരുങ്ങിയ ചതിയുടെയും രാഷ്ട്രീയ നാടകങ്ങളുടെയും ഇരുണ്ട തിരക്കഥകൾ ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ.

നാടകീയ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫിസർ അരവിന്ദ് ശർമ തള്ളിയതോടെയാണ് മധ്യപ്രദേശ് രാഷ്ട്രീയം ചെറിയൊരു ഇടവേളയ്ക്കു ശേഷം തിളച്ചു മറിയാൻ തുടങ്ങിയത്. തെലങ്കാനയിലെ ഒരു ക്രിമിനൽ കേസിന്‍റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചു എന്നു കാട്ടിയാണ് പത്രിക തള്ളിയത്.

എന്നാൽ, കഥ തുടങ്ങുന്നത് അവിടെയല്ല; മധ്യപ്രദേശിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ തെലങ്കാനയിലുള്ള ഈ അറിയപ്പെടാത്ത രേഖകൾ എങ്ങനെ പെട്ടെന്ന് ബിജെപിയുടെ കൈകളിൽ എത്തി എന്നതാണ് ഈ പൊളിറ്റിക്കൽ ത്രില്ലറിലെ ഏറ്റവും വലിയ സസ്പെൻസ്!

ചതി അകത്തുനിന്നോ പുറത്തുനിന്നോ?

ഈ രാഷ്ട്രീയ നാടകത്തിന് കടുപ്പം കൂട്ടിക്കൊണ്ട്, കോൺഗ്രസിനുള്ളിലെ 'പാരവയ്പ്പ്' തന്നെയാണ് പത്രിക തള്ളാൻ കാരണമായതെന്ന വെളിപ്പെടുത്തലുമായി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. കോൺഗ്രസ് ക്യാംപിലെ ആഭ്യന്തര കലഹമാണ് രേഖകൾ ചോരാൻ കാരണമെന്ന് മുതിർന്ന ബിജെപി നേതാവും സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുമായ കൈലാഷ് വിജയ്‌വർഗിയ പരസ്യമായി സൂചന നൽകി. "ആരാണ് ഞങ്ങൾക്ക് ഈ രേഖകൾ നൽകിയത്? കോൺഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇതിൽ നിന്നു മനസിലാക്കാം. അവർ ഭരണത്തിലുള്ള തെലങ്കാനയിൽ നിന്നാണ് ഞങ്ങൾക്ക് രേഖകൾ ലഭിക്കുന്നത്. കോൺഗ്രസിനുള്ളിലെ ചിലർ തന്നെയാണ് ഈ വിവരങ്ങൾ ഞങ്ങൾക്ക് ചോർത്തിത്തന്നത്," വിജയ്‌വർഗിയ തുറന്നടിച്ചു.

ഇതേ 'ഉൾപ്പാർട്ടി ചതി' സിദ്ധാന്തവുമായി തെലങ്കാനയിലെ പ്രതിപക്ഷമായ ബിആർഎസും (BRS) രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയായ മീനാക്ഷി നടരാജൻ നേരിട്ടത് കോൺഗ്രസിനുള്ളിലെ അധികാര തർക്കത്തിന്‍റെ തിരിച്ചടിയാണെന്ന് ബിആർഎസ് നേതാവ് എം. കൃഷാങ്ക് ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സ്വപ്ന പദ്ധതികളായ മൂസി നദി സൗന്ദര്യവത്കരണം, ഖമ്മം സ്ഥലം ഏറ്റെടുക്കൽ, ഹൈദരാബാദ് സർവകലാശാലാ കാംപസിലെ വനനശീകരണം എന്നിവയെ മീനാക്ഷി നടരാജൻ ശക്തമായി എതിർത്തിരുന്നു. ഇത് സംസ്ഥാന സർക്കാരിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കി. ഈ പകയാണ് പത്രിക തള്ളലിൽ കലാശിച്ചതെന്നാണ് ബിആർഎസ് ആരോപിക്കുന്നത്.

തെലങ്കാന ടു മധ്യപ്രദേശ്: പറന്നെത്തിയ രേഖകൾ

അണിയറയിൽ നടന്നത് കോൺഗ്രസിലെ നിഗൂഢമായ ചോർച്ചയല്ല, മറിച്ച് ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ അളന്നു കുറിച്ച നീക്കങ്ങളാണെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. തെലങ്കാന ബിജെപി അധ്യക്ഷൻ രാംചന്ദർ റാവുവാണ് മീനാക്ഷി നടരാജനെതിരായ കോടതി രേഖകളും ലീഗൽ നോട്ടീസുകളും മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാളിന് കൈമാറിയത്.

കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഈ രേഖകൾ വിമാനമാർഗം ഭോപ്പാലിൽ എത്തിച്ചു. രേഖകൾ കൈയിൽ കിട്ടിയതോടെ മധ്യപ്രദേശ് ബിജെപി നേതൃത്വം മിന്നൽ വേഗത്തിലാണ് നീങ്ങിയത്. ഖണ്ഡേൽവാൾ ഉടൻ തന്നെ മുഖ്യമന്ത്രി ഡോ. മോഹൻ യാദവുമായി കൂടിക്കാഴ്ച നടത്തി നിയമപരമായ തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകി. റിട്ടേണിങ് ഓഫിസർക്കു മുന്നിൽ ശക്തമായ വാദമുഖങ്ങൾ നിരത്താൻ ബിജെപി നേതാവ് രാഹുൽ കോത്താരിയെയും മുൻ ഹൈക്കോടതി ജഡ്ജി രോഹിത് ആര്യയെയും ചുമതലപ്പെടുത്തി. ഈ നീക്കമാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

മുൻ ജഡ്ജിയുടെ സാന്നിധ്യത്തിൽ ദുരൂഹത

പ്രതീക്ഷിക്കാത്ത കോണിൽ നിന്നു കിട്ടിയ പ്രഹരത്തിൽ കോൺഗ്രസ് ക്യാംപ് ഞെട്ടിത്തരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ മുൻ ഹൈക്കോടതി ജഡ്ജി രോഹിത് ആര്യ പങ്കെടുത്തതിനെതിൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ജെ.പി. ധനോപിയ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. "ഏത് അധികാരത്തിലാണ് അദ്ദേഹം അവിടെ പങ്കെടുത്തത്? അദ്ദേഹം ഒരു സ്ഥാനാർഥിയോ, ഏജന്‍റോ അല്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അധികാരമുള്ള ആളോ ആയിരുന്നില്ല. ഇവിടെ നടന്ന നടപടിക്രമങ്ങളിൽ വലിയ ദുരൂഹതയുണ്ട്," ധനോപിയ ആരോപിച്ചു.

എന്താണ് ആ തെലങ്കാന കേസ്?

2022-ൽ തെലങ്കാനയിലുണ്ടായ ഒരു പരാതിയാണ് മീനാക്ഷി നടരാജനു നിനച്ചിരിക്കാത്ത നേരത്ത് വിനയായത്. ഒരു പ്രാദേശിക കോൺഗ്രസ് നേതാവ് തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. അന്ന് തെലങ്കാന കോൺഗ്രസ് സംഘടനയുടെ ചുമതലയിലുണ്ടായിരുന്ന മീനാക്ഷി നടരാജനു മുന്നിലും ഈ വിഷയം എത്തി. എന്നിട്ടും പാർട്ടി നേതൃത്വം നടപടിയെടുത്തില്ലെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. മീനാക്ഷി അടക്കം അന്നത്തെ നിരവധി പാർട്ടി നേതാക്കൾക്കെതിരേ പരാതിയിൽ ആരോപണമുണ്ട്.

അതേസമയം, മീനാക്ഷി നടരാജൻ ഈ കേസിൽ ഒരിടത്തും പ്രതിയല്ലെന്നും, അവർക്കെതിരേ ഒരു എഫ്ഐആറോ ക്രിമിനൽ കേസോ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോൺഗ്രസ് ശക്തമായി വാദിച്ചു. പ്രതിയല്ലാത്തതിനാൽ തന്നെ നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ഇതു പരാമർശിക്കേണ്ട നിയമപരമായ ബാധ്യത മീനാക്ഷിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. പക്ഷേ, മുൻകൂട്ടി തയാറാക്കിയ വാദമുഖങ്ങളും മുൻ ജഡ്ജി അടക്കമുള്ള നിയമ വിദഗ്ധരുമായെത്തിയ ബിജെപിക്കു മുന്നിൽ ഇതൊന്നും വിലപ്പോയില്ല. നിയമപോരാട്ടം കോടതിയിലേക്ക് നീങ്ങുമെന്നുറപ്പായതോടെ മധ്യപ്രദേശിലെ രാഷ്ട്രീയ ത്രില്ലറിന്‍റെ അടുത്ത അധ്യായം എന്താകുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി: രണ്ടാമത്തെ ജഡ്ജിയും പിന്മാറി

തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച് ഭിക്ഷാടനം; രക്ഷപെട്ടോടി ശിശുക്ഷേമസമിതിക്ക് മുന്നിലെത്തി 14 കാരൻ!

ദേവസ്വത്തിന്‍റെ സത്യവാങ്മൂലം തള്ളി; 10 വർഷത്തെ ശബരിമലയിലെ വഴിപാടുകളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി

കെഎസ്ആർടിസി സൗജന്യ യാത്ര; സർക്കാർ തീരുമാനം ഉടൻ അറിയാം