രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം കൂടുതൽ കർശനമാക്കുന്ന പൊതുപരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ-2026ന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്‍റിന്‍റെ ഇരുസഭകളും ഈ ആഴ്ചയാദ്യം ബിൽ പാസാക്കിയതിനെ തുടർന്നാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് നിയമ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഭേദഗതിപ്രകാരം ചോദ്യപേപ്പർ ചോർച്ച കേസുകളുടെ അന്വേഷണം ഇനി മുതൽ രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കൂടാതെ ഇത്തരം കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി എല്ലാ സംസ്ഥാനങ്ങളിലും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്.
ചോദ്യപേപ്പർ ചോർച്ചയിലോ പൊതുപരീക്ഷകളിൽ അന്യായ മാർഗങ്ങൾ സ്വീകരിക്കുന്നതിലോ കുറ്റക്കാരായി കണ്ടെത്തപ്പെടുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി പത്ത് വർഷം വരെ തടവും, 50 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി ചോദ്യപേപ്പർ ചോർച്ച നടത്തിയാൽ കുറഞ്ഞത് ഏഴ് വർഷം തടവും, 10 കോടി രൂപ വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.
പൊതുപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും ചോദ്യപേപ്പർ ചോർച്ച പോലുള്ള കുറ്റകൃത്യങ്ങൾ കർശനമായി തടയുന്നതിനുമാണ് നിയമഭേദഗതി ലക്ഷ്യമിടുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന രാജ്യശ്രദ്ധയാകർഷിച്ച വിദ്യാർഥി പ്രക്ഷോഭത്തിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്.