"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

 

സുപ്രീംകോടതി - file image

India

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

വിഷയത്തിൽ നേരിട്ട് കടക്കാതെ വാദം തുടരാൻ നിർദേശമുണ്ടെന്നു കേരളത്തിന്‍റെ അഭിഭാഷകൻ

MV Desk

ന്യൂഡൽഹി: ഓരോ മതാചാരത്തെയും കോടതിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ അതു മതത്തെയും സംസ്കാരത്തെയും തകർക്കുമെന്നു സുപ്രീം കോടതി. ഓരോ ആചാരത്തെയും വ്യക്തികൾ ഭരണഘടനാ കോടതികളിൽ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ നൂറുകണക്കിനു ഹർജികളാകും വരികയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജിയിലെ വാദം പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ച്.

അനിവാര്യമായ മതാചാരമേതെന്ന തർക്കമുണ്ടായാൽ പ്രസ്തുത മതത്തിലെ പണ്ഡിതർ നൽകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണു തീരുമാനമെടുക്കേണ്ടതെന്നും കോടതി സ്വന്തം അഭിപ്രായം അതിൽ അടിച്ചേൽപ്പിക്കാറില്ലെന്നും കേരള സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത പറഞ്ഞു. ഇത്തരം മാറ്റങ്ങൾ വരുത്തും മുൻപ് 75 വർഷത്തെ ഭരണഘടനാപരമായ വിജ്ഞാനം സൂക്ഷ്മമായി പരിശോധിക്കണമെന്നും ജയദീപ് ഗുപ്ത. യുവതീ പ്രവേശനത്തെ അനുകൂലിച്ചതിൽ നിന്നു മലക്കംമറിഞ്ഞ പിണറായി സർക്കാരിന്‍റെ നിലപാടാണ് ഗുപ്ത അറിയിച്ചത്.

ഒരു വ്യക്തിയുടെ മതേതരവും സാമൂഹികവുമായ പ്രവർത്തനങ്ങളോടുള്ള പ്രതികരണമായി നടപ്പാക്കുന്ന ആചാരത്തിന് ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം നൽകാനാവില്ലെന്ന് ഈ ഘട്ടത്തിൽ ദാവൂദി ബോറ വിഭാഗത്തിലെ പരിഷ്കരണവാദികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ പറഞ്ഞു. സമുദായ നേതാക്കൾ വ്യക്തികൾക്കു ഭ്രഷ്ട് കൽപ്പിക്കുന്നത് നിയമപരമാണെന്ന് പ്രഖ്യാപിച്ച 1962-ലെ വിധി ചോദ്യം ചെയ്യുന്നവർക്കു വേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്. ‌ഇതിനോടുള്ള പ്രതികരണമായി ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഓരോ ആചാരത്തെയും കോടതിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ മതവും സംസ്കാരവും തകരുമെന്നു ചൂണ്ടിക്കാട്ടിയത്. ക്ഷേത്രം തുറക്കുന്നതിനും അടയ്ക്കുന്നതിനുമെതിരേ പോലും ഹർജിയുണ്ടാകും. ബഹുസ്വരവും വൈവിധ്യപൂർണവുമായ നാഗരികതയാണ് നമ്മുടേതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. രണ്ടു വ്യക്തികൾ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ അനുവദിച്ചാൽ എല്ലാവരും എല്ലാത്തിനെയും ചോദ്യം ചെയ്യാൻ തുടങ്ങും. ഓരോ മതവും തകരും. കോടതികൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ജസ്റ്റിസ് സുന്ദരേശ് പറഞ്ഞു.

കേരളം പുതിയ സർക്കാരിന്‍റെ രൂപീകരണത്തിലാണെങ്കിലും ശബരിമല വിഷയത്തിലേക്ക് നേരിട്ട് കടക്കാതെ തന്നെ ഈ കേസിൽ വാദം ഉന്നയിക്കാൻ തനിക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നു ജയദീപ് ഗുപ്ത പറഞ്ഞു. കേസിൽ അടുത്തയാഴ്ച വാദം തുടരും.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു

ലെവൽ ക്രോസുകളിലെ നിയമലംഘനം; ലൈസൻസ് റദ്ദാക്കും