രാഹുൽ ഗാന്ധി

 

file image

India

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി

രാഹുൽ ഗാന്ധി "കള്ളങ്ങളുടെ കെട്ടാണ്" പ്രചരിപ്പിക്കുന്നതെന്നും അതിൽ യുവാക്കൾ വീഴരുതെന്നും ബിജെപി വക്താവ് സംഭിത് പത്ര

Sarath Nath MS

ന്യൂഡൽഹി: യുവാക്കളെ ഉപയോഗിച്ച് സ്വന്തം രാഷ്ട്രീയ അജണ്ട മുന്നോട്ടുകൊണ്ടുപോകാനും സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനും വ്യാജ പ്രചാരണം നടത്താനുമാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപി എംപിയും ദേശീയ വക്താവുമായ സംഭിത് പത്രയാണ് ബുധനാഴ്ച രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യപേപ്പർ ചോർച്ചക്കെതിരേ കഴിഞ്ഞ മാസം പ്രതിഷേധിച്ച വിദ്യാർഥികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈ 20ന് പാർലമെന്‍റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് അതിക്രമം നേരിട്ടതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് ഉത്തരവാദിയെന്നും സംഭവിച്ചതെന്താണെന്ന് പാർലമെന്‍റിൽ വിശദീകരിക്കാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ഇതിന് മറുപടിയായാണ് സംഭിത് പത്രയുടെ പ്രതികരണം. ജൂലൈ 20ന് നടന്ന "സൻസദ് ചലോ" മാർച്ചിനിടെ പൊലീസ് വെടിവയ്പ്പ് നടന്നിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. "ഇത് അതീവ ഗൗരവമുള്ള വിഷയമാണ്. ഒരു വെടിയുണ്ട പോലും പ്രയോഗിച്ചിട്ടില്ല. യുവാക്കളുടെ ചുമലിൽ തോക്ക് വച്ച് രാഷ്ട്രീയ ലക്ഷ്യം നേടാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. അത് ശരിയല്ല"- പത്ര പറഞ്ഞു.

യുവാക്കളാണ് രാജ്യത്തിന്‍റെ ഭാവിയെന്നും അവരെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്നും പത്ര പറഞ്ഞു. വിദ്യാർഥി കാലത്ത് തങ്ങളും സമരങ്ങളിൽ പങ്കെടുത്തിരുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ യുവാക്കൾ ഭയമില്ലാതെ പ്രതിഷേധങ്ങളിൽ പങ്കെടുക്കണം. എന്നാൽ രാഹുൽ ഗാന്ധി വ്യാജ രാഷ്ട്രീയ ആഖ്യാനം സൃഷ്ടിച്ച് യുവാക്കളെ ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നിപ്പ് വിതയ്ക്കുകയാണ്. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായാണ് ഇത്തരം ശ്രമങ്ങൾ. രാഹുൽ ഗാന്ധി "കള്ളങ്ങളുടെ കെട്ടാണ്" പ്രചരിപ്പിക്കുന്നത്. അതിൽ യുവാക്കൾ വീഴരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്കൊപ്പമാണെന്നും പത്ര കൂട്ടിച്ചേർത്തു.

ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിൽ എത്തുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണവും പത്ര തള്ളി. "അമിത് ഷാ ഞങ്ങളെക്കാൾ നേരത്തെ പാർലമെന്‍റിലെത്തുകയും പലപ്പോഴും അർധരാത്രിവരെ അവിടെ തുടരുകയും ചെയ്യുന്നു. എന്നാൽ സഭ പ്രവർത്തിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ല. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയുണ്ടാകുമ്പോൾ അദ്ദേഹം തീർച്ചയായും സഭയിൽ പങ്കെടുക്കും-" സംഭിത് പത്ര പറഞ്ഞു.

ഝാർഖണ്ഡിൽ ജെപിഎസ്‌സി, എസ്എസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് ജൂലൈ 25 മുതൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും രാഹുൽ ഗാന്ധി സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്നും പത്ര ചോദിച്ചു. അവരും യുവാക്കളാണെന്നും അവരുടെ പ്രശ്നങ്ങളും രാഹുൽ ഗാന്ധി കേൾക്കണമെന്നും, ഝാർഖണ്ഡിൽ കോൺഗ്രസ് സർക്കാരുള്ളതിനാലാണ് അദ്ദേഹം അവിടെ പോകാത്തതെന്നും പത്ര ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു

മഴ; നാല് ജില്ലകളിൽ വ്യാഴാഴ്ച ഭാഗിക അവധി