ആൾമാറാട്ടം നടത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. അൽവാർ സ്വദേശിയായ തസ്ലീം ഖാനാണ് വ്യാജ ഇൻവോയിസുകളും കത്തുകളും ഉപയോഗിച്ച് ആളുകളിൽ നിന്നു പണം തട്ടിയത്.
ഛത്തർപുർ സ്വദേശിയായ യുവതിയിൽ നിന്നു ടോക്കൺ ഫീസ്, സെക്യൂരിറ്റി ചെക്ക്, ഗേറ്റ് പാസ് എന്ന പേരിൽ 2.5 ലക്ഷം രൂപ വാങ്ങുകയായിരുന്നു. എയർഫോഴ്സ് ലെറ്റർ ഹെഡിൽ വ്യാജ ഇൻവോയിസുകളും ലെറ്ററുകളും അയച്ചാണ് കബളിപ്പിച്ചത്.
കേസിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 318 (4) പ്രകാരം വഞ്ചനാകുറ്റത്തിന് സൈബർ പോലീസ് കേസെടുത്തു. ഡെപ്യൂട്ടി കമ്മീഷണർ ഒഫ് പൊലീസ് അങ്കിത് ചൗഹാന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം സാങ്കേതിക നിരീക്ഷണങ്ങൾ വഴി പ്രതിയെ മുകുന്ദ്വാസ് പ്രദേശത്ത് നിന്നു പിടികൂടി.
പ്രതിയുടെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയതിൽനിന്നാണ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യോമസേനാ ഉദ്യോഗസ്ഥനായി ചമഞ്ഞ് നിരവധി ആളുകളെ പറ്റിച്ചതായി കണ്ടെത്തിയത്. തട്ടിപ്പിൽ കൂടുതലാളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുന്നു.