രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!
ചെന്നൈ: രാത്രിയിൽ വന്ന എലിവിഷം ഓർഡർ കണ്ട് ഡെലിവറി ബോയ് ഒന്ന് ഞെട്ടി. മൂന്ന് പാക്കറ്റ് എലിവിഷവുമായി ചെന്നപ്പോൾ കണ്ടത് കരഞ്ഞ് തളർന്ന് നിൽക്കുന്ന യുവതിയെ. ഡെലിവറി ബോയ്‌യുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു ജീവനാണ്. തമിഴ്നാട് സ്വദേശിയായ യുവാവാണ് സോഷ്യൽ മീഡിയയിലൂടെ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്.
രാത്രി വൈകിയായിരുന്നു യുവതി എലിവിഷം ഓർഡർ ചെയ്തത്. ആദ്യം ഓർഡർ എടുക്കണോ എന്ന് യുവാവ് സംശയിച്ചു. വീണ്ടും ആലോചിച്ചപ്പോൾ ഓർഡർ സ്വീകരിക്കാമെന്നും അവിടെ വരെ പോയി നോക്കാമെന്നും തീരുമാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെയായിരുന്നു കണ്ടത്. യുവാവ് പെൺകുട്ടിയുമായി സംസാരിക്കുകയും ഓർഡർ കാൻസൽ ചെയ്യിക്കുകയുമായിരുന്നു.
രാത്രിയിൽ എലിവിഷം ഓർഡർ ചെയ്യേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോ എന്നാണ് യുവതിയോട് ചോദിച്ചത്. എലി ശല്യമുണ്ടെങ്കിൽ പകൽ സമയത്തോ രാത്രിയാകും മുൻപോ അല്ലെങ്കിൽ നാളെയോ വാങ്ങിയാൽ മതിയായിരുന്നു. ഇപ്പോഴിതാ രാത്രി വൈകി ഓർഡർ ചെയ്തിരിക്കുന്നു. അത് മാത്രമല്ല കരയുകയും ചെയ്യുന്നു. സ്വയം ജീവിതം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം എന്ന് യുവാവ് ചോദിച്ചത്. ഇല്ല അണ്ണാ എന്നാണ് ഇതിന് കരഞ്ഞുകൊണ്ട് യുവതി മറുപടി നൽകിയത്. തന്നോട് നുണ പറയരുത് എന്ന് പറഞ്ഞതോടെ യുവതി മനസ് തുറക്കുകയായിരുന്നു. യുവതിയെ ആശ്വസിപ്പിച്ച ശേഷം ഓർഡർ കാൻസൽ ചെയ്യിക്കുകയാണ് ചെയ്തതെന്നും യുവാവ് കൂട്ടിച്ചേർത്തു. യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി പേർ യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. നമ്മുടെ ലോകം നിലനിൽക്കുന്നത് ഇത്തരത്തിലുള്ള ആളുകൾ ഉള്ളതുകൊണ്ടാണെന്ന് ഒരാൾ കമന്റിട്ടു. യുവാവിന് ഉചിതമായ പാരിതോഷികം കമ്പനി നൽകണമെന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. റോബോർട്ടോ മറ്റോ ആയിരുന്നെങ്കിൽ എലിവിഷം ഡെലിവറി ചെയ്ത് പോകുമായിരുന്നു എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.