കരൂർ അപകടത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നടപടിയിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി
Supreme court
ന്യൂഡൽഹി: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നടപടിയിൽ വീണ്ടും സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി. നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ പരിപാടിക്കിടെ 41 പേർ മരിച്ച സംഭവത്തിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കോടതി കൈകാര്യം ചെയ്ത രീതിയിൽ "എന്തോ കുഴപ്പമുണ്ട്" എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
മധുര ബെഞ്ചിന്‍റെ അധികാരപരിധിയിൽ കരൂർ ഉൾപ്പെട്ടിട്ടും കേസ് എങ്ങനെ മദ്രാസ് ഹൈക്കോടതി കൈകാര്യം ചെയ്തുവെന്ന് സുപ്രീംകോടതി ചോദ്യം ഉന്നയിച്ചിരുന്നു. ഒക്ടോബറിൽ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ആദ്യം ചോദ്യം ഉന്നയിച്ചത്. റിപ്പോർട്ട് കക്ഷികൾക്കിടയിൽ വിതരണം ചെയ്യാനും അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടിരുന്നു.
രജിസ്ട്രാർ ജനറലിന്‍റെ വിശദീകരണം പരിശോധിച്ച ബെഞ്ച് "ഹൈക്കോടതിയിൽ എന്തോ തെറ്റ് നടക്കുന്നുണ്ട്. ഹൈക്കോടതിയിൽ സംഭവിക്കുന്നത് ശരിയായ കാര്യമല്ല" എന്ന് വ്യക്തമാക്കുകയായിരുന്നു.
കരൂരിൽ നിന്നുള്ള ഒരു വിഷയത്തിൽ ചെന്നൈ ബെഞ്ച് ഇടപെട്ടത് എന്തുകൊണ്ട്, രാഷ്ട്രീയ റാലികൾക്കുള്ള മാർഗനിർദേശങ്ങൾ മാത്രം തേടിയുള്ള ഒരു ഹർജിയിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥർ മാത്രമുള്ള ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എങ്ങനെ രൂപീകരിച്ചു, അന്വേഷണം കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ)ക്ക് കൈമാറാൻ മധുര ബെഞ്ച് വിസമ്മതിച്ചതോടെ ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളിൽ നിന്ന് പരസ്പരവിരുദ്ധമായ ഉത്തരവുകൾ ഉണ്ടായത് എന്തുകൊണ്ട് തുടങ്ങി നിരവധി സംശയങ്ങൾ സുപ്രീം കോടതി മുമ്പ് ഉന്നയിച്ചിരുന്നു.