കുടുംബപ്പോരിൽ സഞ്ജയ് കപൂറിന്‍റെ മൂന്നാം ഭാര്യക്ക് വിജയം; പ്രിയ സച്ച്ദേവ് സോണ കോംസ്റ്റാറിന്‍റെ പുതിയ ഡയറക്റ്റർ
ന്യൂഡൽഹി: അകാലത്തിൽ മരണപ്പെട്ട സഞ്ജയ് കപൂറിന്‍റെ ഭാര്യ പ്രിയ സച്ച്ദേവിനെ പുതിയ നോൺ എക്സിക്യൂട്ടീവ് ഡയറക്റ്ററായി തെരഞ്ഞെടുത്ത് സോണ കോംസ്റ്റാർ ഡയറക്റ്റർ ബോർഡ്. വെള്ളിയാഴ്ച നടന്ന വാർഷിക പൊതുയോഗത്തിലാണ് സോണയെ വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തതെന്ന് കമ്പനി വ്യക്തമാക്കി. 2025 ജൂൺ 23 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് അഡീഷണൽ ഡയറക്റ്ററായി പ്രിയയെ തെരഞ്ഞെടുത്തിരിക്കുന്നത്.
സോണ കോംസ്റ്റാറിന്‍റെ ചെയർമാനായിരുന്നു സഞ്ജയ് കപൂർ ജൂൺ 12ന് ലണ്ടനിൽ വച്ച് തേനീച്ചയെ വിഴുങ്ങിയതിനു പിന്നാലെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. വൈകാതെ ജെഫ്രി മാർക് ഓവേർലിയെ ഡയറക്റ്റർ ബോർഡ് ഐകകണ്ഠേന ഡയറക്റ്റർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
സഞ്ജയ് കപൂറിന്‍റെ അമ്മ റാണി കപൂർ തന്‍റെ മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു കൊണ്ടു തന്നെ കമ്പനിയുടെ വാർഷിക പൊതുയോഗം നീട്ടി വയ്ക്കണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മകൻ മരിച്ച ദുഃഖത്തിൽ ഇരിക്കുന്ന തന്നെ നിർബന്ധിച്ച് ചില രേഖകളിൽ ഒപ്പു വപ്പിച്ചുവെന്നും അവസരം മുതലാക്കി ചിലർ പാരമ്പര്യം തകർക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു കൊണ്ടൊരു കത്ത് റാണി കപൂർ ബോർഡിന് കൈമാറിയിരുന്നു. എന്നാൽ ഡയറക്റ്റർ ബോർഡ് ഈ ആവശ്യം തള്ളി. റാണി കപൂർ കമ്പനി ഷെയർ ഹോൾഡർ അല്ലെന്നും ഡയറക്റ്റർ ബോർഡ് ചൂണ്ടിക്കാട്ടി.
മോഡൽ, സംരംഭക എന്നീ മേഖലകളിൽ തിളങ്ങി നിന്ന പ്രിയ സഞ്ജയ് കപൂറിന്‍റെ മൂന്നാം ഭാര്യയാണ്. ബോർഡിൽ ഇടം പിടിക്കുന്നതിനുള്ള പ്രിയയുടെ നീക്കത്തെ ഡയറക്റ്റർ ബോർഡും ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഡയറക്റ്റർ ബോർഡിൽ ഇടം പിടിക്കാനായി ആവശ്യമുള്ള എല്ലാ രേഖകളും പ്രിയ സമർപ്പിച്ചിരുന്നുവെന്നാണ് ഡയറക്റ്റർ ബോർഡിന്‍റെ വാദം. അപ്രതീക്ഷിതമായുള്ള സഞ്ജയ് കപൂറിന്‍റെ മരണവും വേഗത്തിലുള്ള പദവിക്കൈമാറ്റവും പ്രിയയുടെ ഡയറക്റ്റർ ബോർഡ് പ്രവേശനവുമെല്ലാം പലരിലും സംശയം ജനിപ്പിക്കുന്നുണ്ട്. അതു തന്നെയാണ് വൈകാരികമായ കത്തിലൂടെ സഞ്ജയുടെ അമ്മ ഡയറക്റ്റർ ബോർഡിനെ അറിയിക്കാൻ ശ്രമിച്ചതും. എന്നാൽ കമ്പനി റാണി കപൂറിനെ പൂർണമായി നിരാകരിച്ചതോടെ നിയമപ്പോരാട്ടത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. വിഷയത്തിൽ തന്നെ അറിയിക്കാതെ ബോർഡ് തീരുമാനങ്ങളെടുക്കുകയാണെങ്കിൽ അതു തങ്ങളുടെ കുടുംബ പാരമ്പര്യത്തെ തകർക്കുന്ന മനപ്പൂർവമുള്ള ഗൂഢാലോചനയായി കണക്കാക്കുമെന്ന് റാണി കപൂർ വ്യക്തമാക്കിയിരുന്നു.