"യുഡിഎഫിന്‍റെ ചട്ടുകം, അവസരവാദി"; ടി.കെ. ഗോവിന്ദനെ പുറത്താക്കി സിപിഎം

പാർട്ടി മുന്നോട്ടു വച്ച സംഘടനാപരമായ നടപടിക്രമങ്ങൾ പൂർണമായും പാലിച്ചാണ് സ്ഥാനാർഥിയെ നിർണയിച്ചതെന്നും രാഗേഷ് വ്യക്തമാക്കി.
t.k. govindan expelled from cpm

ടി.കെ. ഗോവിന്ദൻ

Updated on

കണ്ണൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ തളിപ്പറമ്പിൽ വിമത നീക്കം നടത്തിയ ടി.കെ. ഗോവിന്ദനെ പുറത്താക്കി സിപിഎം. പാർലമെന്‍ററി സ്ഥാനത്തിനു വേണ്ടി യുഡിഎഫിന്‍റെ ചട്ടുകയായി ഗോവിന്ദൻ മാറിയെന്നും അവസരവാദത്തിന്‍റെ ചളിക്കുണ്ടിൽ വീണു പോയെന്നും വാർത്താസമ്മേളനത്തിൽ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി.കെ. ശ്യാമളയാണ് തളിപ്പറമ്പിലെ പാർട്ടി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യയായ ശ്യാമളയെ സ്ഥാനാർഥിയാക്കിയ മര്യാദയ്ക്ക് ചേരാത്ത തീരുമാനമാണെന്ന് ടി.കെ. ഗോവിന്ദൻ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് കണ്ണൂർ ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനം വിളിച്ച് വിഷയത്തിൽ വിശദീകരണം നൽകിയത്.

പാർട്ടി കൂട്ടായി ചർച്ച ചെയ്താണ് സ്ഥാനാർതി നിർണയം നടത്തിയത്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. പാർട്ടി മുന്നോട്ടു വച്ച സംഘടനാപരമായ നടപടിക്രമങ്ങൾ പൂർണമായും പാലിച്ചാണ് സ്ഥാനാർഥിയെ നിർണയിച്ചതെന്നും രാഗേഷ് വ്യക്തമാക്കി.

സിപിഎമ്മിൽ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള നിരവധിപേരുണ്ട്. ചുരുക്കം ചിലർക്ക് മാത്രമേ ജനപ്രതിനിധിയാകാൻ സാധിക്കൂ. സ്ഥാനാർഥിത്വം ലഭിക്കാത്ത പലരും സ്ഥാനാർഥികളേക്കാൾ മികച്ചവരാണ്. വ്യത്യസ്ത മനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നും രാഗേഷ് പറഞ്ഞു.

പാർട്ടിയിൽ നേതാക്കളുടെ ഭാര്യയെയും ബന്ധുക്കളെയും സ്ഥാനാർഥികളായി മുമ്പും നിശ്ചയിച്ചിട്ടുണ്ട്. അതു ബന്ധുത്വം പരിഗണിച്ചല്ല. പാർട്ടി പ്രവർത്തനം, ചുമതലകളഅ് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ്. പി.കെ. ശ്യാമള എസ്എഫ്ഐ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, തുടങ്ങി 40 വർഷങ്ങളോളമായി പാർട്ടിയിൽ സജീവമാണ്. കണ്ണൂരിൽ രണ്ട് വനിതാ സ്ഥാനാർഥികൾ വേണമെന്നാണ് പാർട്ടി തീരുമാനിച്ചത്. അതു പ്രകാര‌മാണ് പേരാവൂരിൽ നിന്ന് കെ.കെ. ഷൈലജയെയും തളിപ്പറമ്പിൽ നിന്ന് ശ്യാമളയെയും നിർദേശിച്ചത്. ടി.കെ. ഗോവിന്ദന്‍റെ പേര് സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ല. അദ്ദേഹം കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനു വേണ്ടി വിടു പണി ചെയ്യുകയാണെന്നും രാഗേഷ് ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com