"കരുതിക്കൂട്ടിയുള്ള നീക്കം"; എൻസിഇആർടി പാഠപുസ്തകത്തിന്‍റെ ഉള്ളടക്കത്തിൽ സുപ്രീംകോടതിക്ക് ആശങ്ക
file image
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ ജുഡിഷ്യറിയിലെ അഴിമതി എന്ന ഭാഗത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക അറിയിച്ചത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അഭിഭാഷകരും എല്ലാ ഹൈക്കോടതികളുമടക്കം ആശങ്കപ്രകടിപ്പിച്ചു. ഇത് സ്വമേധയാ പരിഗണിക്കും. കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. നിയമം അതിന്‍റെ വഴിക്ക് പോവും. കോടതിയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിൽ ഇതിൽ തന്‍റെ കടമ താൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിഇആർടി എട്ടാംക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെടുത്തിയതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽ പെടുത്തിയത്. മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജൻസികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതിയെക്കുറിച്ച് മറച്ചുവെച്ച്, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദേശപരമാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.