ന്യൂഡൽഹി: ജാമ്യം നിഷേധിച്ചതിൽ പുനഃപരിശോധന ആവശ്യപ്പെട്ട് 2020ലെ ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പുനഃപരിശോധനാ ഹർജിയിലെ വിവരങ്ങളും മറ്റു രേഖകളും പരിശോധിക്കുമ്പോൾ ഇതു പരിഗണിക്കാൻ കാരണങ്ങളില്ലെന്നു ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജാരിയയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഒരു വിധിയിലോ ഉത്തരവിലോ വന്നിട്ടുള്ള വ്യക്തമായ പിഴവുകളോ, വിധി മൂലം സംഭവിച്ചേക്കാവുന്ന വലിയ അനീതിയോ പരിഹരിക്കാൻ വിധി പ്രസ്താവിച്ച അതേ ജഡ്ജിമാർ തന്നെ ചേംബറി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതാണ് സുപ്രീം കോടതിയുടെ ചട്ടം. പുനഃപരിശോധന ആവശ്യപ്പെടുന്ന കക്ഷികൾക്ക്, തങ്ങൾക്കുണ്ടായ ഗുരുതരമായ അനീതി തിരുത്താൻ കോടതിയിൽ നേരിട്ടുള്ള വാദം കേൾക്കണമെന്ന് ജഡ്ജിമാരോട് അപേക്ഷിക്കാം. ഉമർ ഖാലിദിനു പുറമേ മറ്റൊരു പ്രതി ഷർജീൽ ഇമാമിനും കഴിഞ്ഞ ജനുവരി അഞ്ചിന് പരമോന്നത കോടതി ജാമ്യം നിഷേധിച്ചിരുന്നു. മറ്റ് അഞ്ചു പേർക്കു ജാമ്യം നൽകിയ കോടതി ഖാലിദിന്‍റെയും ഇമാമിന്‍റെയും കേസ് വ്യത്യസ്തമെന്നാണ് നിരീക്ഷിച്ചത്.
52 പേരുടെ ജീവനെടുത്ത കലാപമുണ്ടായ 2020 മുതൽ ജയിലിലാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും. ജാമ്യാപേക്ഷ തള്ളി ഒരു വർഷം തികയുമ്പോൾ ഇരുവർക്കും വീണ്ടും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കലാപത്തിന്‍റെ മുഖ്യ ആസൂത്രകന്മാരാണ് ഖാലിദും ഇമാമുമെന്നാണു കേസ്. ജാമ്യം ലഭിച്ച ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദബ് അഹമ്മദ് എന്നിവർക്ക് കർശന ഉപാധികൾ നിഷ്കർഷിച്ചിട്ടുണ്ട്. ഇതു ലംഘിച്ചാൽ ജാമ്യം റദ്ദാകും.