സുപ്രീം കോടതി
file image
ന‍്യൂഡൽഹി: വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ)യ്ക്കെത്തുന്ന ബൂത്ത് തല ഉദ്യോഗസ്ഥരെ (ബിഎൽഒ) ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. പശ്ചിമ ബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളിലുണ്ടാകുന്ന ഇത്തരം സംഭവങ്ങളെ നേരിടാൻ തെരഞ്ഞെടുപ്പു കമ്മിഷനു നിർദേശം നൽകിയ പരമോന്നത കോടതി അല്ലാത്ത പക്ഷം അരാജകത്വമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകി.
എസ്ഐആറിൽ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിസഹകരണം ഗൗരവമായി കാണണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കാതിരിക്കുക, ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ സാഹചര്യങ്ങളുണ്ടെങ്കില്‍ കോടതിയെ അറിയിക്കണം. വിഷയത്തില്‍ ആവശ്യമായ ഉത്തരവുകള്‍ നല്‍കാന്‍ സുപ്രീം കോടതി തയാറാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടികളോടു സഹകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെങ്കിലും അതു സംഭവിക്കുന്നില്ലെന്നു കമ്മിഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കമ്മിഷനു മറ്റു വഴികളില്ല. കേന്ദ്ര സേനയെ വിളിച്ചുവരുത്തേണ്ടിവരുമെന്നും ദ്വിവേദി.
എന്നാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന പൊലീസിന്‍റെ നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാര പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുന്നതെങ്ങനെയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പശ്ചിമ ബംഗാളിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ കമ്മിഷന്‍റെ ഡെപ്യൂട്ടേഷനു കീഴില്‍ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സനാതനി സംഗട് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. എസ്ഐആര്‍ പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയെ വിന്യസിക്കുന്നതിന് ബദല്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പശ്ചിമ ബംഗാളിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം, ബിഎല്‍ഒമാര്‍ക്ക് ജോലിഭാരമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിഭാഷകന്‍റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇത് ഡസ്ക് ജോലിയല്ലെന്നും നാട്ടിലിറങ്ങിയുള്ള പണിയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ജോലിഭാരം കൂടുതല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നേരത്തേ തന്നെ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.