അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി
Supreme court - file image
ന്യൂഡൽഹി: ഗാന്ധിയാബാദിൽ ബലാത്സംഗത്തിനിരയായ നാലുവയസുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകാത്ത ഡോക്റ്റർമാർക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പാവപ്പെട്ട കുട്ടിയായതിനാലല്ലേ ചികിത്സ നൽകാത്തതെന്ന് ചോദിച്ച കോടതി പേരിനൊപ്പം ഡോക്റ്ററെന്ന് ചേർക്കാൻ യാതൊരു അവകാശവുമില്ലെന്നും പറഞ്ഞു.
നിങ്ങൾ നിങ്ങളുടെ കടമ നിർവഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പേരിനൊപ്പം ഡോക്റ്റർ എന്ന് ചേർക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. നിങ്ങളുടെ ആശുപത്രിയിൽ സൗകര്യമില്ലെന്ന വാദം അംഗീകരിക്കാനാവില്ല. അങ്ങയായിരുന്നെങ്കിൽ തന്നെ നിങ്ങൾക്ക് അല്പമെങ്കിലും മനുഷ്യത്വമുണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിനൊപ്പം മറ്റൊരു ആശുപത്രിയിലേക്ക് നിങ്ങളും പോകുമായിരുന്നു. പക്ഷേ, അവൾ പാവപ്പെട്ടവളായത് കൊണ്ടും നിങ്ങളുടെ ഫീസ് നൽകാൻ കഴിവില്ലാത്തത് കൊണ്ടും നിങ്ങൾ അവളെ അവഗണിച്ചുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സംഭവത്തിൽ പിഴയെന്ന നിലയിൽ പെൺകുട്ടിയുടെ കുടുംബത്തിന് ആശുപത്രികൾ സ്വമേധയാ സാമ്പത്തികസഹായം നൽകണമെന്നും അതിൽ വീഴ്ചവരുത്തിയാൽ ഉയർന്ന തുക നൽകാൻ ഉത്തരവിടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് 16-നാണ് ഗാസിയാബാദിൽ നാലുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീടിന്‍റെ മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയാണ് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ ഗുരുതരമായി പരുക്കേറ്റ് ചോരയിൽ കുളിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തി.
കുട്ടിയെ ഗാന്ധിയാബാദിലെ 2 സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും ഇവിടെയൊന്നും ചികിത്സ നൽകാൻ തയ്യാറായില്ല. തുടർന്ന് കുട്ടിയെ ഗാസിയാബാദിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം, പരുക്കേറ്റനിലയിൽ കണ്ടെത്തി രണ്ടുമണിക്കൂറോളം മകൾക്ക് ജീവനുണ്ടായിരുന്നതായാണ് നാലുവയസുകാരിയുടെ പിതാവ് പറയുന്നു. ആദ്യം എത്തിച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും പിതാവ് അവകാശപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘവും പിതാവിന്‍റെ ആരോപണത്തിൽ കഴമ്പുണ്ടെന്നും ആശുപത്രികളിൽ ചികിത്സ കിട്ടിയില്ലെന്നും കണ്ടെത്തി. തുടർന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ് ആശുപത്രികൾക്കെതിരേയും ഡോക്റ്റർമാർക്കെതിരേയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂക്ഷ വിമർശനമുന്നയിച്ചത്.