മനേക ഗാന്ധിക്ക് താക്കീത്
ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ കോടതി വിധിയെ വിമർശിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. യാതൊരു ചിന്തയുമില്ലാതെയാണ് മനേക ഗാന്ധി അഭിപ്രായപ്രകടനം നടത്തിയതെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇപ്പോൾ കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.
തെരുവുനായ വിഷയത്തിൽ സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. മനേക ഗാന്ധി കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് തെരുവുനായ പ്രശ്നം പരിഹരിക്കാൻ കക്ഷി ബജറ്റിൽ എന്ത് വിഹിതം വകയിരുത്തിയെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത മനേക ഗാന്ധിയുടെ അഭിഭാഷകനോട് ചോദിച്ചു. വിവിധ മൃഗസ്നേഹിക്കളുടെയും, നായയുടെ ആക്രമണത്തിൽ പരുക്കേറ്റവരുടെയും വാദം കേൾക്കുകയായിരുന്നു കോടതി. കേസ് ജനുവരി 28ന് വീണ്ടും പരിഗണിക്കും