ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് നിയമസഭയുടെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ വിവിധ രാഷ്ട്രീയ കക്ഷികൾ ശക്തമായി രംഗത്തെത്തി. അറസ്റ്റ് "രാഷ്ട്രീയ പ്രതികാരം" ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
ഉദയനിധിയെ തഞ്ചാവൂരിലേക്ക് പൊലീസ് കൊണ്ടുപോയതിന് പിന്നാലെ എക്‌സിലൂടെ പ്രതികരിച്ച എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ബജറ്റ് സമ്മേളനത്തിന് ഒരു ദിവസം മുൻപ് അറസ്റ്റ് നടത്തിയത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ അഭാവത്തിൽ നിയമസഭാ സമ്മേളനം നടത്തുന്നത് അത്യന്തം അപലപനീയമാണെന്നും, കേസിന് അപ്പുറത്തുള്ള രാഷ്ട്രീയ ലക്ഷ്യമാണ് അറസ്റ്റിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തും അറസ്റ്റ് നടപടിയെ ശക്തമായി വിമർശിച്ചു. പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള നീക്കമാണിതെന്ന് അവർ ആരോപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന വായ് മൂടിക്കൽ നിയമവുമായി ഇതിനെ അവർ ഉപമിച്ചു. രാഷ്ട്രീയ വാദങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകുകയാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്നും, അറസ്റ്റ് ഒരു പരിഹാരമല്ലെന്നും അവർ പറഞ്ഞു.
എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി. മുനുസ്വാമി മുഖ്യമന്ത്രി അധികാരം ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യുകയാണെന്ന് ആരോപിച്ചു. ഡിഎംകെ നേതാവ് തങ്കം തെന്നരസു അറസ്റ്റ് ജനാധിപത്യാവകാശങ്ങൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടു.
വിദുതലൈ ചിറുത്തൈകൾ കക്ഷി (വിഎസികെ) അധ്യക്ഷൻ തോൾ തിരുമാവളവൻ ഉദയനിധിയുടെ പരാമർശം സാംസ്കാരിക രാഷ്ട്രീയത്തിൽ അംഗീകരിക്കാനാകാത്തതാണെന്നും, ജനക്കൂട്ടത്തെ ലക്ഷ്യമിട്ട് ആലോചനയില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹം അവസാനിപ്പിക്കണമെന്നും പറഞ്ഞു. എന്നാൽ നിയമസഭ സമ്മേളനത്തിന് തൊട്ടുമുൻപ് അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഭരണകക്ഷിക്ക് കൂടുതൽ സൽപ്പേരുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിഎംകെ എംപി കനിമൊഴി, നിയമവിരുദ്ധവും അടിച്ചമർത്തൽ സ്വഭാവമുള്ളതുമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എക്‌സിൽ കുറിച്ചു. "നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത്. ഇത് തുറന്ന ഭീരുത്വമാണ്," അവർ ആരോപിച്ചു.