ന്യൂഡൽഹി: യുഎസിൽ നിന്നും നാടുകടത്തിയ അധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം കൂടി ശനിയാഴ്ച ഇന്ത്യയിലെത്തി. 116 പേരെയാണ് ഇത്തവണ നാടു കടത്തിയത്. സ്വന്തം മണ്ണും സ്വത്തുമെല്ലാം വിറ്റ് വിദേശ ജോലി സ്വപ്നം കണ്ടവർ ഹൃദയം തകർന്ന് കുറ്റവാളികളെപ്പോലെയാണ് തിരിച്ചെത്തിയത്. യാത്രയിലുട നീളം ഞങ്ങളുടെ കൈകളും കാലുകളും വിലങ്ങാൽ ബന്ധിച്ചിരുന്നു. മൂന്നു സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് വിലങ്ങിൽ നിന്നൊഴിവാക്കിയത്. ശനിയാഴ്ച എത്തിയവരിൽ 60 പേരും പഞ്ചാബികളാണ്. 33 പേർ ഹരിയാനക്കാരും 8 പേർ ഗുജറാത്തിൽ നിന്നുമാണ്. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേരും ഹിമാചൽ, ജമ്മു എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.
65 ലക്ഷം രൂപ ഏജന്‍റിന് നൽകിയാണ് യുഎസിലേക്ക് ചേക്കേറിയതെന്ന് 2022ൽ യുഎസിലെത്തിയ ദൽജിത് പറയുന്നു. ഒരേക്കർ വരുന്ന ഭൂമി വിറ്റാണ് പണം കണ്ടെത്തിയത്. 2023 ഓഗസ്റ്റ് 26ന് ബ്രസീലിലേക്ക് പോകുകയും അവിടെ നിന്ന് അപകടകരമായ വഴിയിലൂടെ യുഎസിലേക്ക് കടക്കുകയുമായിരുന്നു. കൊടുങ്കാട്ടിലൂടെയും പുഴകൾ കടന്നും നടന്നാണ് ജനുവരിയിൽ അവിടെയെത്തിയത്. സമാനമായ അനുഭവങ്ങളാണ് കൂടുതൽ പേരും പങ്കു വയ്ക്കുന്നത്.
45 ലക്ഷം രൂപയാണ് യുഎസിൽ പോകുന്നതിനായി താൻ ചെലവാക്കിയതെന്ന് ഫെരോസ്പുർ സ്വദേശിയായ സൗരവ് പറയുന്നു. മാതാപിതാക്കൾ നിലം വിറ്റും കടം വാങ്ങിയും സ്വരൂപിച്ച പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സർക്കാർ സഹായിക്കണമെന്നു മാത്രമാണ് അഭ്യർഥനയെന്ന് സൗരവ് പറയുന്നു. ഞായറാഴ്ച വൈകിട്ടോടെ ഒരു വിമാനം കൂടി ഇന്ത്യയിലെത്തും.