ഉത്തരാഖണ്ഡിൽ അഞ്ജാതപ്പനി; രണ്ടാഴ്ച്ചയ്ക്കിടെ 10 മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി പടർന്നു പിടിക്കുന്നു. 2 ജില്ലകളിലായി പത്തോളം ആളുകളാണ് രണ്ടാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചത്. അൽമോറ, ധൗലാദേവി ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗബാധിതരിൽ കടുത്ത പനി, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിൽ വലിയ കുറവ് എന്നീ ലക്ഷണങ്ങളുണ്ടായിരുന്നതായി അധികൃതർ പറയുന്നു. പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതായും കൃത്യമായ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിക്കുന്നു.
ഫലം ഉടൻ ലഭിക്കുമെന്നാണ് വിവരമെന്നും അതിന് ശേഷം മാത്രമേ രോഗനിർണയം നടത്താൻ സാധിക്കൂ എന്നുമാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എല്ലാ മരണങ്ങളും ഒരു പകർച്ചവ്യാധി സ്രോതസുമായി ബന്ധപ്പെട്ടതായിരിക്കില്ല. ഏഴിൽ മൂന്ന് മരണങ്ങൾ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടതാവാമെന്നും മറ്റുള്ളവരുടെ മരണം വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളാലാവാമെന്നും ആശുപത്രി അധികൃതർ പറയുന്നു. എന്നിരുന്നാലും ആളുകൾ വലിയ ആശങ്കയിലാണ്.