ന‍്യൂഡൽഹി: ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിനും ബാറിൽ നൃത്തം ചെയ്യുന്നതും കുറ്റകൃത‍്യമായി കണക്കാക്കാനാകില്ലെന്ന് ഡൽഹി കോടതി. അശ്ലീല കുറ്റം ചുമത്തപ്പെട്ട ഏഴു സ്ത്രീകളെ കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന സംഭവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.
ഏഴു സ്ത്രീകൾ ബാറിൽ വച്ച് അശ്ലീല നൃത്തം നടത്തിയെന്നായിരുന്നു കേസ്. കേസിൽ ഭാരതീയ ന‍്യായ സംഹിത സെഷൻ 294 പ്രകാരം പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയെന്ന കുറ്റമാണ് സ്ത്രീകൾക്കെതിരേ ചുമത്തിയിരുന്നത്.
സ്ത്രീകളെ കുറ്റവിമുക്തരാക്കിയ കോടതി ശരീരം വെളിവാകുന്ന വസ്ത്രം ധരിക്കുന്നതോ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതോ കുറ്റകരമല്ലെന്ന് വിധിക്കുകയായിരുന്നു.
പൊതുസ്ഥലത്ത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് കുറ്റകരമല്ല. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രകടനം ഉണ്ടായാൽ മാത്രമേ കുറ്റകൃത‍്യമായി കണക്കാക്കുയെന്നും കോടതി വ‍്യക്തമാക്കി.