ബംഗളൂരു: സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരുടെ അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ കുടുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. തട്ടിപ്പ് കേസിൽ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്‍റ് കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഇത് താത്കാലിക ആശ്വാസം മാത്രമെന്നാണ് വിലയിരുത്തൽ.
എന്നാൽ, താൻ നിക്ഷേപം നടത്തിയ ഒരു കമ്പനി മാത്രമാണിതെന്നാണ് ഉത്തപ്പ വാദിക്കുന്നത്. കമ്പനി നഷ്ടത്തിലേക്ക് പോയി എന്ന് മനസിലാക്കിയപ്പോൾ തന്നെ ഡയറക്ടർ ബോർഡിൽ നിന്ന് രാജി വച്ചതായും ഉത്തപ്പ മുമ്പ് വിശദീകരിച്ചിരുന്നു.
കേസിൽ തനിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് ഉത്തപ്പ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ‍്യക്ഷനായ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർക്ക് പിഎഫ് പണം നൽകാതെ വഞ്ചിച്ചതായാണ് പരാതി.