അബുദാബി: അബുദാബി ബിസിനസ് വീക്കിന് ഡിസംബർ നാലിന് തുടക്കമാവും. ഡിസംബർ 6 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. 'ഡെലിവർ വാല്യൂ, ക്രിയേറ്റ് ഇമ്പാക്ട് ' എന്ന പ്രമേയത്തിലാണ് പരിപാടി. എമിറേറ്റിന്‍റെ സാമ്പത്തിക വളർച്ചയെയും ബിസിനസ് സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാകും സമ്മേളനം.
150 ലധികം പ്രഭാഷകരും 8,000 നയരൂപകർത്താക്കളും ബിസിനസ് എക്സിക്യൂട്ടിവുകളും പങ്കെടുക്കും. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ ഒന്നാണ് അബുദാബി. യുഎഇ യുടെ തലസ്ഥാന നഗരത്തിന് 1.7 ട്രില്യൺ ഡോളറിന്‍റെ സോവറീൻ വെൽത്ത് ഫണ്ട് ആസ്തിയുണ്ട്. ജിസിസിയിലെ ഏറ്റവും ശക്തമായ സോവറീൻ ക്രെഡിറ്റ് റേറ്റിംഗ് അബുദാബിയിലാണ്.
ഇത് നിക്ഷേപകർക്ക് സാമ്പത്തിക വളർച്ചാ അവസരങ്ങളിലേക്ക് സമാനതകളില്ലാത്ത പ്രവേശനം നൽകുന്നുവെന്നും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മിന) മേഖലയിൽ മികവുറ്റ നിലയിൽ ബിസിനസ് നടത്തുന്നതിൽ എമിറേറ്റ് ഒന്നാം സ്ഥാനത്താണ് എന്നും ദേശിയ വാർത്താ ഏജൻസിയായ വാമിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
എഡിബിഡബ്ളിയു ബിസിനസുകൾ ശക്തിപ്പെടുത്തുന്നതിനും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള വർധിച്ച സഹകരണത്തിനും വളർച്ചയ്ക്കും വൈവിധ്യവത്കരണത്തിനും കാരണമാകുന്ന ഒരു ആവാസ വ്യവസ്ഥയെ വളർത്തിയെടുക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുമെന്ന് അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഡിസിസിഐ) ചെയർമാൻ അഹമ്മദ് ജാസിം അൽ സആബി പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ സാമ്പത്തിക ലൈസൻസുകളുടെ വിതരണത്തിൽ 196 ശതമാനം വർധനയുണ്ടായി. ഇവന്‍റിന്‍റെ ആദ്യ പതിപ്പിൽ അബൂദബി ബിസിനസ് ഫോറം ഉൾപ്പെടെ 10 പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. അബൂദബിയിലെ ആഗോള നിക്ഷേപ ചലനാത്മകത, ബിസിനസ് ക്ലസ്റ്ററുകൾ, നിയന്ത്രണങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യും.
നവീകരണം, സംഭരണം, സ്ത്രീ ശാക്തീകരണം, കുടുംബ ബിസിനസുകൾ, യുവാക്കൾ, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള വീക്ഷണം നൽകുന്നതാകും പരിപാടി. അബുദാബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ രക്ഷാകർതൃത്വത്തിലാണ് അബുദാബി സാമ്പത്തിക വികസന വകുപ്പ് (എ.ഡി.ഇ.ഡി), അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ) എന്നിവയുടെ സഹകരണത്തിൽ അബുദാബി ബിസിനസ് വീക് ഒരുക്കുന്നത്.