ആദിത്യ പ്രകാശ്, ഉർമി ഭട്ടാചാര്യ.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബോൾഡറിലെ രണ്ട് ഇന്ത്യൻ പിഎച്ച്ഡി വിദ്യാർഥികൾക്ക് വംശീയ വിവേചനക്കേസിൽ 1.8 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു. പാലക് പനീർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ ചൂടാക്കുമ്പോഴുണ്ടാകുന്ന ഗന്ധത്തെച്ചൊല്ലിയായിരുന്നു ഇവർ വിവേചനം നേരിട്ടത്. സാംസ്‌കാരികമായ അവകാശങ്ങൾ സംരക്ഷിക്കാനായ ഈ വിധി ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.
അമേരിക്കയിലെ കൊളറാഡോയിൽ വംശീയ വിവേചനത്തിനെതിരേ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് രണ്ട് ഇന്ത്യൻ പിഎച്ച്ഡി വിദ്യാർഥികൾ. തങ്ങളുടെ ഭക്ഷണശീലത്തെച്ചൊല്ലി വിവേചനം നേരിട്ട ഇവർക്ക് സിവിൽ റൈറ്റ്സ് സെറ്റിൽമെന്‍റ് പ്രകാരം 2,00,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) ആണ് നഷ്ടപരിഹാരമായി ലഭിച്ചത്. തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാനായതിന്‍റെ ആവേശത്തിലാണ് ഈ വിദ്യാർഥികൾ.
യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബോൾഡറിലെ വിദ്യാർഥിയായിരുന്ന ആദിത്യ പ്രകാശിനെതിരേ, പാലക് പനീർ ഗന്ധം ചൂണ്ടിക്കാട്ടിയാണ് വിവേചനം ഉണ്ടായത്. ഇത് ഡിപ്പാർട്ട്മെന്‍റിലെ മൈക്രോവേവ് അവനിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മണം 'അസഹനീയമാണ്' എന്ന് ആരോപിച്ചായിരുന്നു ജീവനക്കാരുടെ അധിക്ഷേപം.
ഇത് വിവേചനമാണെന്ന് പ്രകാശ് ആരോപിച്ചു. പൊതുവായ ഉപയോഗത്തിനുള്ള മൈക്രോവേവ് അവൻ ഉപയോഗിക്കാൻ തനിക്കും അവകാശമുണ്ടെന്നും അദ്ദേഹം വാദിച്ചു. അതോടെ, ബ്രോക്കോളി ചൂടാക്കുന്നതിനും ഇതേ കാരണത്താൽ നിരോധനമുണ്ടെന്നായി. ബ്രോക്കോളി കഴിക്കുന്ന ആരെങ്കിലും അതിന്‍റെ പേരിൽ വംശീയ വിവേചനം നേരിടുന്നുണ്ടോ എന്നും പ്രകാശ് ചോദിച്ചു. ഇതിൽ പ്രകാശിനെ പിന്തുണച്ച പങ്കാളി ഉർമി ഭട്ടാചാര്യയും പ്രകാശിനൊപ്പം ചേർന്നു.
ഇതോടെ, ജോലിക്കാർ തൊഴിൽ സുരക്ഷിതത്വമില്ലെന്ന് ആരോപിച്ച് മാനേജ്മെന്‍റിൽ പരാതി നൽകി. തുടർന്ന്, പിഎച്ച്ഡി പഠനത്തിന്‍റെ ഭാഗമായി ലഭിക്കേണ്ട മാസ്റ്റേഴ്സ് ഡിഗ്രി യൂണിവേഴ്സിറ്റി തടഞ്ഞുവച്ചു. കോളെജിൽ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലിയുണ്ടായിരുന്ന ഉർമിയെ അവിടെനിന്നു പുറത്താക്കുകയും ചെയ്തു. ഭക്ഷണത്തിന്‍റെ പേരിൽ വംശീയമായ പരിഹാസങ്ങളും വിവേചനപരമായ പെരുമാറ്റവും നേരിടേണ്ടി വന്നതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.
വിദ്യാർഥികളുടെ ഭക്ഷണശീലം വംശീയമായി അധിക്ഷേപിക്കാനുള്ള കാരണമാകരുത് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇവർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിലും സാംസ്‌കാരികമായ അവകാശങ്ങളിലും കടന്നുകയറുന്നതായിരുന്നു എതിർകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമെന്ന് കോടതി വിലയിരുത്തി. നഷ്ടപരിഹാര തുകയ്ക്കൊപ്പം തങ്ങളുടെ അന്തസ്സ് വീണ്ടെടുക്കാനായി എന്നതാണ് ഈ വിധിയുടെ ഏറ്റവും വലിയ പ്രാധാന്യമെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. ഇവർ പഠിച്ചു നേടിയ മാസ്റ്റേഴ്സ് ബിരുദവും യൂണിവേഴ്സിറ്റി കൈമാറും. എന്നാൽ, ഭാവിയിൽ യൂണിവേഴ്സിറ്റിയിൽ ഏതെങ്കിലും കോഴ്സുകൾക്ക് എൻറോൾ ചെയ്യുന്നതിൽനിന്ന് ഇരുവരെയും വിലക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന ഇത്തരം സാംസ്‌കാരികവും വംശീയവുമായ വെല്ലുവിളികൾക്കെതിരെയുള്ള നിർണായകമായ ഒരു വിധിയാണിത്. തങ്ങളുടെ പാരമ്പര്യത്തെയും ഭക്ഷണത്തെയും തള്ളിപ്പറയാതെ നിയമപരമായ വഴിയിലൂടെ നീതി നേടിയ ഇവരുടെ പോരാട്ടത്തെ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു.