ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ ബാഗേജ് നീക്കത്തിന് സ്വയം നിയന്ത്രിത വാഹനങ്ങൾ അവതരിപ്പിച്ച് ഡിനാറ്റ

 
Pravasi

ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ ബാഗേജ് നീക്കത്തിന് സ്വയം നിയന്ത്രിത വാഹനങ്ങൾ

6 മില്യൺ ദിർഹം മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതി ലെവൽ 3 ഓട്ടോണമിയോടെയാണ് ആരംഭിക്കുന്നത്.

Megha Ramesh Chandran

ദുബായ്: ദുബായ് വേൾഡ് സെൻട്രൽ അൽ മക്തൂം അന്തർദേശിയ വിമാനത്താവളത്തിൽ ബാഗേജ് നീക്കത്തിന് സ്വയം നിയന്ത്രിത വാഹനങ്ങൾ സജ്ജമാക്കിയതായി വ്യോമ, യാത്രാ സേവന ദാതാക്കളായ ഡിനാറ്റ അറിയിച്ചു. ഇതോടെ മുൻപ് ബാഗേജ് ട്രാക്റ്ററുകൾ ഓടിച്ചിരുന്ന ജീവനക്കാരെ മറ്റ് ജോലികളിലേക്ക് പുനർവിന്യസിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വയം നിയന്ത്രിത വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാണെന്നും റാമ്പിലുള്ള എല്ലാവർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്നും ഡിനാറ്റ വിശദീകരിക്കുന്നു.

6 മില്യൺ ദിർഹം മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതി ലെവൽ 3 ഓട്ടോണമിയോടെയാണ് ആരംഭിക്കുന്നത്. 2026 ന്‍റെ തുടക്കത്തിൽ പൂർണ്ണ സ്വയം നിയന്ത്രിതമായ ലെവൽ 4 ഓട്ടോണമിയിലേക്ക് ഇത് അപ്‌ഗ്രേഡ് ചെയ്യും. ഡിനാറ്റ, ട്രാക്ട് ഈസി, ദുബായ് എയർപോർട്ട്‌സ്, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവ തമ്മിലുള്ള സഹകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെയും 12 ദശലക്ഷം ടൺ കാർഗോയും ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഡിഡബ്ല്യുസി വികസിക്കുന്ന സാഹചര്യത്തിൽ ഇത്തരം നവീന സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുതൽ അനുപേക്ഷണീയമാണെന്ന് ഡിനാറ്റയിലെ യുഎഇ എയർപോർട്ട് ഓപ്പറേഷൻസിന്‍റെ ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്‍റ് ജാഫർ ദാവൂദ് പറഞ്ഞു.

“ഡിനാറ്റ പോലുള്ള പ്രമുഖ സ്ഥാപനവുമായി പങ്കാളിത്തം സ്ഥാപിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്'.- ട്രാക്റ്റ്ഈസിയുടെ സിഇഒ റിച്ച് റെനോ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിലൂടെ മണിക്കൂറിൽ 15 കിലോമീറ്റർ വരെ വേഗതയിൽ ഒരേസമയം നാല് ബാഗേജ് കണ്ടെയ്നറുകൾ നീക്കാൻ പുതിയ ഓട്ടോണമസ് വാഹനങ്ങൾക്ക് സാധിക്കും.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ