അംഗോളയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് കൈത്താങ്ങായി ഡോക്ടൂർ
ദുബായ്: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് കൈത്താങ്ങായി എട്ട് ലക്ഷത്തിലധികം അവശ്യ മരുന്നുകൾ സംഭാവനയായി നൽകി ബുർജീൽ ഹോൾഡിങ്സ്-എഡി പോർട്സ് (അബുദാബി പോർട്സ്) സംയുക്തസംഭമായ ഡോക്ടൂർ. യുഎഇ പ്രസിഡന്‍റിന്‍റെ അംഗോള സന്ദർശന വേളയിൽ ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സഹായം നൽകിയത്.
അംഗോളയിലെ ലുവാണ്ടയിൽ നടന്ന ചടങ്ങിൽ ആൻറിബയോട്ടിക്കുകൾ, വേദന സംഹാരികൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ അംഗോളൻ ആരോഗ്യ മന്ത്രി ഡോ. സിൽവിയ ലുട്ടക്റ്റയ്ക്ക് ബുർജീൽഹോൾഡിങ്‌സ് കോ-സിഇഒ സഫീർ അഹമ്മദ് കൈമാറി. പ്രമേഹം, ബാക്റ്റീരിയൽ അണുബാധ, അലർജികൾ, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ഇതിലുൾപ്പെടുന്നു.
അംഗോളയിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, ആധുനിക മെഡിക്കൽ സൗകര്യങ്ങൾ നിർമിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഡോക്ടൂറും അംഗോളൻ ആരോഗ്യ മന്ത്രാലയവും ധാരാണാപാത്രത്തിൽ ഒപ്പിട്ടു. സഫീർ അഹമ്മദ്, എഡി പോർട്സ് റീജിയനൽ സി ഇ ഒ മുഹമ്മദ് ഈദ അൽ മെൻഹാലി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.