തൊഴിലാളികൾക്ക് ആശ്വാസമേകാൻ വീണ്ടും ‘ഫരീജ് ഫ്രിഡ്ജ്’പദ്ധതിയുമായി ദുബായ് ഇമിഗ്രേഷൻ
ദുബായ്: കടുത്ത വേനൽച്ചൂടിൽ തൊഴിലാളികൾക്ക് കരുതലും സ്നേഹവും പകരാൻ ‘ഫരീജ് ഫ്രിഡ്ജ്’പദ്ധതി വീണ്ടും സജീവമാകുന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഫർജാൻ ദുബായ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ വിവിധ തൊഴിൽ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് സൗജന്യമായി തണുത്ത കുടിവെള്ളം, ജ്യൂസുകൾ, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്യും.
വേനൽക്കാലത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നിർമാണ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സേവന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് അവർക്കാവശ്യമായ ശീതളപാനീയങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം, അവരുടെ അധ്വാനത്തോടുള്ള സമൂഹത്തിന്‍റെ ആദരവും നന്ദിയും പ്രകടിപ്പിക്കുക എന്ന സന്ദേശവും ‘ഫരീജ് ഫ്രിഡ്ജ്’മുന്നോട്ടുവയ്ക്കുന്നു.
ഈ വർഷത്തെ പര്യടനം ദുബായ് ഹാർബറിൽ നിന്ന് തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ അൽ മക്തൂം ഇന്‍റർനാഷണൽ എയർപോർട്ട്, പാം ജുമൈറ – ക്രസന്‍റ് റോഡ്, ബിസിനസ് ബേ – അൽ നഖീൽ റോഡ് എന്നിവിടങ്ങളിൽ ‘ഫരീജ് ഫ്രിഡ്ജ്’വാഹനം എത്തും. വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ സർക്കാർ എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നുണ്ട്. ഈ കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.00 വരെ തുറസായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലിസ്ഥലങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അധികൃതർ പരിശോധനകൾ നടത്തുന്നുണ്ട് . നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും.