ഡ്രൈവർരഹിത ടാക്സി: ആദ്യ കൺട്രോൾ സെന്ററിന് ദുബായിൽ തുടക്കം
ദുബായ്: ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ ബൈദു അപ്പോളോ ഗോയുടെ ആദ്യ കൺട്രോൾ സെന്റർ ദുബായിൽ പ്രവർത്തനം തുടങ്ങി. കമ്പനിയുടെ ചൈനക്ക് പുറത്തെ ആദ്യ ഓപറേഷൻ ഹബാണിത്.
ദുബായ് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്വാർ അൽ തായർ, ബൈദുവിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പിന്റെ പ്രസിഡന്റുമായ യുൻപെങ് വാങ് എന്നിവർ ചേർന്ന് ദുബായിൽ സയൻസ് പാർക്കിലാണ് 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഈ വർഷം ആദ്യ പാദത്തിൽ ടാക്സി സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമേണ 1000 ആയി ഉയർത്താനുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് സജ്ജീകരിച്ച കേന്ദ്രത്തിൽ ഒരു കമാൻഡ്-ആൻഡ്-കൺട്രോൾ സെന്റർ, സിമുലേഷൻ, പരിശീലന മുറികൾ, ഓപറേഷൻസ് ആൻഡ് മെയിന്റനൻസ് സൗകര്യം എന്നിവയുണ്ട്.
പൊതുറോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനും ബൈദു അപ്പോളോ ഗോക്ക് അനുമതി നൽകിയിട്ടുണ്ട്. വാഹനത്തിൽ സുരക്ഷാ ഡ്രൈവറില്ലാതെ പരീക്ഷണം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ദുബായിൽ ഇത്തരത്തിലുള്ള ആദ്യ പെർമിറ്റാണ് കമ്പനിക്ക് ആർ.ടി.എ അനുവദിച്ചിട്ടുള്ളത്.