ദുബായ് വേൾഡ് കപ്പ് 2025: പ്രധാന റേസ് രാത്രി 9.30ന്
ദുബായ്: 13 രാജ്യങ്ങളിൽ നിന്നുള്ള 102 കുതിരകൾ പങ്കെടുക്കുന്ന ദുബായ് വേൾഡ് കപ്പ് 2025 കുതിരപ്പന്തയത്തിലെ പ്രധാന റേസ് ശനിയാഴ്ച രാത്രി 9.30ന് മെയ്ദാൻ റേസ്‌കോഴ്‌സിൽ നടക്കും. ആകെ 30.5 മില്യൺ ഡോളർ സമ്മാനത്തുകയുള്ള ഒമ്പത് മത്സരങ്ങളാണ് നടക്കുക.
ആദ്യ റേസ് വൈകുന്നേരം 4.35ന് ആരംഭിക്കുമെന്ന് സംഘാടകരായ ദുബായ് റേസിംഗ് ക്ലബ് (ഡിആർസി) അധികൃതർ അറിയിച്ചു.
ജപ്പാനിൽ നിന്നുള്ള ഒഷിബ ടെസോറോയും, 2024ലെ യുഎഇ ഡെർബി ചാംപ്യനും 2025 സഊദി കപ്പ് ജേതാവുമായ മുൻനിര താരം ഫോറെവർയങ്ങും ഉൾപ്പെടെ ലോകത്തിലെ ഉന്നത സ്ഥാനീയരായ കുതിരകളാണ് മത്സരത്തിനുണ്ടാവുക.
ഇംപീരിയൽ എംപറർ, വാക് ഓഫ് സ്റ്റാർസ്, വിൽസൺ ടെസോറോ, റാംജെറ്റ്, റാറ്റിൽ 'എൻ' റോൾ, എൽ മറാക്കോളോ, മിക്സ്റ്റോ, കറ്റോണ, ഹീറ്റ് ഷോ എന്നിവയും കിരീടത്തിനായി മത്സരിക്കും.