ദുബായ്: ഇന്ത്യൻ സർക്കാർ പ്രവാസി ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ഈ വർഷം ലഭിച്ച യുഎഇയിൽ നിന്നുള്ള മലയാളി വ്യവസായി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍, സൗദി അറേബ്യയിലെ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദ് എന്നിവർ ഈ മാസം എട്ട് മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസി(പിബിഡി) ൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കും. വിവിധ മേഖലകളിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം നൽകുന്നത്.
ദുബായ് ആസ്ഥാനമായ ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ് കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍. മെഡിക്കല്‍ രംഗത്തെ മികവ് പരിഗണിച്ചാണ് സൗദിയിൽ പ്രവർത്തിക്കുന്ന കര്‍ണാടക സ്വദേശി ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് പുരസ്‌കാരം ലഭിച്ചത്.
സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുര സേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആന്‍ഡ് കണ്‍സള്‍ട്ടിങ് തുടങ്ങിയ മേഖലയില്‍ മികവു തെളിയിച്ച ആകെ 27 പ്രവാസി ഇന്ത്യക്കാർക്കാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ രാമകൃഷ്ണന് കപ്പൽ ചാർട്ടറിങ്ങ് ,മാനേജ്‌മെന്‍റ് തുടങ്ങിയ മേഖലകളിൽ 30 വർഷത്തെ സംരംഭക പരിചയമുണ്ട്. ഷിപ്പിംഗ് വ്യവസായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പുരോഗമന സമീപനവും ആഴത്തിലുള്ള അറിവും ട്രാൻസ്‌വേൾഡ് ഗ്രൂപ്പിന്‍റെ വിജയത്തിൽ നിർണായകമായിരുന്നു.
1977ൽ പിതാവ് പരേതനായ ശിവസ്വാമി അയ്യരാണ് ഗ്രൂപ്പ് സ്ഥാപിച്ചത്. രാമകൃഷ്ണൻ കഴിഞ്ഞ നാല് പതിറ്റാണ്ടായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ട്രാൻസ്‌വേൾഡ് ഗ്രൂപ് 900ത്തിലധികം പേരടങ്ങുന്ന ടീമായി വളർന്നു.
കപ്പൽ ഉടമസ്ഥതയും മാനേജ്‌മെന്‍റും, ഡിജിറ്റൽ സപ്ലൈ ചെയിൻ മാനേജ്‌മെന്‍റ്, വെയർ ഹൗസിംഗ്, ഏജൻസികൾ, പ്രോജക്‌റ്റ് ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിലും ഗ്രൂപ്പിന്‍റെ സാന്നിധ്യമുണ്ട്. ഇന്ത്യക്കും യുഎഇക്കുമിടയിൽ ആദ്യമായി പ്രതിവാര ലോജിസ്റ്റിക്‌സ് കണ്ടെയ്‌നർ സർവിസ് അദ്ദേഹമാണ് തുടങ്ങിയത്. 1993ൽ ശ്രേയസ് ഷിപ്പങ് ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് ദുബായ് പോർട്ട് വേൾഡുമായി വ്യാപാര ബന്ധം സ്ഥാപിക്കാൻ ആദ്യമായി ഇടപെട്ടവരിലൊരാളായിരുന്നു രാമകൃഷ്ണൻ.
ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ട്രാൻസ് വേൾഡ് ഗ്രൂപ് വിവിധ സംരംഭങ്ങളിലും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. അബൂദബി ബാപ്സ് ഹിന്ദു ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടും ഗ്രൂപ് പ്രവർത്തിച്ചിട്ടുണ്ട്. സൗദിയിൽ നിന്നുള്ള കർണാടക സ്വദേശിയായ ഡോ. സയ്യിദ് അൻവർ ഖുർഷിദിന് മെഡിക്കല്‍ രംഗത്തെ മികവ് പരിഗണിച്ചാണ് 2024ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചത്. വൈദ്യ പരിചരണം, സാമൂഹിക സേവനം, സൗദി അറേബ്യയിലെ പ്രവാസികളുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലും അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ പറഞ്ഞു.
കർണാടകയിലെ ഗുൽബർഗ ജില്ലക്കാരനായ ഡോ. സയ്യിദ് അൻവർ ഖുർഷിദ് നാല് പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രാവാസിയാണ്. റിയാദിലെ ഇന്ത്യൻ സമൂഹത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമായ എൻആർഐ ഫോറം വൈസ് പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം.