വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
screenshot
യുഎസിലെ ഒരു വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കിടത്തി കൈകൾ ബന്ധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്‍ പ്രതിഷേധത്തിനു വഴിയൊരുക്കി. ഇന്ത്യൻ-അമെരിക്കൻ സാമൂഹിക സംരംഭകനായ കുനാൽ ജെയിൻ എന്ന എക്സ് ഉപയോക്താവാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആൺകുട്ടിക്ക് സഹായം തേടി ഇന്ത്യൻ എംബസിയെയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെയും അദ്ദേഹം വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.
"ഞായറാഴ്ച രാത്രി ന്യൂവാർക്ക് വിമാനത്താവളത്തിൽ ഒരു യുവ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് ഞാൻ കണ്ടു - കൈകൾ ബന്ധിച്ച്, ഒരു കുറ്റവാളിയെപ്പോലെ അവർ പെരുമാറുന്നത് ഞാൻ കണ്ടു. അവൻ തവന്‍റെ സ്വപ്നങ്ങളെ പിന്തുടരുകയായിരുന്നു; ആരേയും ഉപദ്രവിക്കാതെ. ഒരു എൻആർഐ എന്ന നിലയിൽ ഇത് എനിക്ക് ഹൃദയം തകരുന്നതായും നിസഹായതയായും തോന്നി. ഇതൊരു മനുഷ്യ ദുരന്തമാണ്."- ജെയിൻ എഴുതി.
"ഈ പാവം കുട്ടിയുടെ രക്ഷിതാവിന് അവന് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഇന്നലെ രാത്രി എന്‍റെ കൂടെ ഒരേ വിമാനത്തിൽ അവന്‍ കയറേണ്ടതായിരുന്നു. പക്ഷേ, അവനു സാധിച്ചില്ല. ന്യൂജേഴ്‌സി അധികൃതരുടെ പക്കൽ അവന് എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും കണ്ടെത്തേണ്ടതുണ്ട്. " അദ്ദേഹം തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്തു." ജെയിൻ പറഞ്ഞു.
വിദ്യാർഥിയുടെ ഉച്ചാരണത്തിൽ നിന്ന് ഇയാൾ ഹരിയാനയിൽ നിന്നാണെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും കുനാൽ ജെയിൻ പറയുന്നു. "എനിക്ക് ഭ്രാന്തല്ല... എനിക്ക് ഭ്രാന്താണെന്ന് തെളിയിക്കാൻ അവർ കഠിനമായി ശ്രമിക്കുന്നു" എന്ന് ആ കുട്ടി വിളിച്ചുപറയുന്നുണ്ടായിരുന്നു. എല്ലാ ദിവസവും ഇത്തരത്തിലുള്ള 3-4 കേസുകൾ കാണുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് വർധിച്ചെന്നും ജെയിൻ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഭരണകൂടം ഏകദേശം 1,080 ഇന്ത്യൻ പൗരന്മാരെയാണ് പല കാരണത്താൽ അമെരിക്കയിൽ നിന്നും നാടുകടത്തിയത്. ഇതിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ മുതൽ ഗതാഗത നിയമലംഘനങ്ങൾ വരെ കാരണങ്ങൾ പലതാണ്. മുൻകൂർ അറിയിപ്പ് കൂടാതെ വിസ റധാക്കിക്കൊണ്ട് യുഎസ് സർക്കാർ അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരായ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യം പലപ്പോഴും വിദ്യാർഥികളെ ആശയക്കുഴപ്പത്തിലേക്കു തള്ളിവിടുകയാണ്.