യുഎഇക്കെതിരേ സുഡാൻ നൽകിയ കേസ് തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി
ഹേഗ്/ അബുദാബി: യുഎഇക്കെതിരേ സുഡാനീസ് സായുധ സേന ഫയൽ ചെയ്ത കേസ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി നിരാകരിച്ചു. അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ് സുഡാൻ ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കോടതി ഉറച്ച നിലപാട് സ്വീകരിച്ചുവെന്നും നീതിയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്ന നിലപാടിനുള്ള അംഗീകാരമാണ് കോടതി വിധിയെന്നും യുഎഇ വ്യക്തമാക്കി.
സുഡാനിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കേസെന്നും യുഎഇ കുറ്റപ്പെടുത്തി. സുഡാനിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന ആവശ്യം യുഎഇ ആവർത്തിച്ചു.
സുഡാൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഒരു സ്വതന്ത്ര സിവിലിയൻ സർക്കാർ വേണമെന്ന ആവശ്യത്തെ തുടർന്നും പിന്തുണക്കുമെന്ന് യു എ ഇ വ്യക്തമാക്കി.
സുഡാനിലെ ഗുരുതരമായ പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനോടും അന്താരാഷ്ട്ര സമൂഹത്തോടും യുഎഇ ആവശ്യപ്പെട്ടു. സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയണമെന്നും
പട്ടിണിയെ ന്യായീകരിക്കുന്നതിനോ മാനുഷിക സഹായം തടസ്സപ്പെടുത്തുന്നതിനോ വേണ്ടി പരമാധികാരം ദുരുപയോഗം ചെയ്യുന്നതിനെതിരേ ഐക്യത്തോടെ നിലകൊള്ളണമെന്നും യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യഥിച്ചു.