ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ മാധ്യമ പ്രവർക്കരുമായി സംസാരിക്കുന്നു.
MV
ദുബായ്: ലുലു ഗ്രൂപ്പിനെതിരേയും ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരേയുമുള്ള അപവാദ പ്രചാരണങ്ങളിലും വ്യാജ വാർത്തകളിലും കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. പ്രതികൾ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ഫയൽ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളിൽ യാതൊരുവിധ ഒത്തുതീർപ്പുകൾക്കും ഗ്രൂപ്പ് തയാറല്ല. കേരളത്തിലും പുറത്തുമായി നിലവിലുള്ള എല്ലാ കേസുകളിലും നിയമപരമായി തന്നെ കാര്യങ്ങൾ നേരിടുമെന്നും നന്ദകുമാർ അറിയിച്ചു.
ലുലു ബ്രാൻഡിനോ ചെയർമാൻ എം.എ. യൂസഫലിക്കോ എതിരായി വരുന്ന ഒരു വ്യാജ ആരോപണവും ഇനി വച്ചുപൊറുപ്പിക്കില്ല.
ലൈക്കുകൾക്കും ഷെയറുകൾക്കും ക്ലിക്കുകൾക്കും വേണ്ടിയാണ് പലപ്പോഴും ഇത്തരം വ്യാജ വാർത്തകളും അപവാദ പ്രചാരണങ്ങളും മെനഞ്ഞെടുക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികൾ മാപ്പ് പറഞ്ഞോ ഇല്ലയോ എന്നത് വിഷയമല്ല. മാപ്പ് പറഞ്ഞു എന്ന് അവകാശപ്പെടുന്നത് പ്രതിസ്ഥാനത്തുള്ളവരാണ്. കോടതിക്ക് പുറത്ത് ഒത്തു തീർപ്പിനില്ലെന്നും വി. നന്ദകുമാർ.