സൗദിയിൽ ''ലുലു മിനിട്സ്" അതിവേഗ ഷോപ്പിങ് സേവനവുമായി ലുലു; ഉദ്ഘാടനം നിർവഹിച്ച് എം.എ. യൂസഫലി
റിയാദ്: സൗദി അറേബ്യയിൽ ഓൺലൈൻ ഷോപ്പിംഗിന് പുതുവേഗം പകർന്ന് ലുലു മിനിട്സ് 2.0 അവതരിപ്പിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ആദ്യ ഡിജിറ്റൽ ഓർഡർ സ്വീകരിച്ച് ലുലു മിനിട്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ള ലുലു മാനേജ്മെൻ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സൗദി അറേബ്യയിലെ റിയാദ്, ദമ്മാം, ജിദ്ദ, ഹെയ്ൽ, തബൂഖ്, യാൻബു, ഖമീസ് മുഷെയ്ത്, തെയ്ഫ്, അൽ അഹ്സ, ഹഫ്റ് അൽ ബതിൻ, ജുബൈൽ അടക്കം പ്രധാന നഗരങ്ങളിലെല്ലാമായി 45 ലുലു സ്റ്റോറുകളാണ് ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ലുലു 2.0 യിലൂടെയുള്ള നവീകരിച്ച ആപ് - ഓൺലൈൻ സംവിധാനങ്ങൾ വഴി ഡെലിവറി അടക്കമുള്ള സേവനങ്ങൾ ഇരട്ടി വേഗത്തിൽ ലുലു മിനിട്സ് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഓരോരുത്തർക്കും അവരവരുടെ സൗകര്യാനുസരണം ഡെലിവറി സമയം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ലുലു മിനിട്സ് നൽകുന്നുണ്ട്. നൂതന ഡിജിറ്റൽ, എഐ റീട്ടെയിൽ അപ്‌ഡേഷനോട് കൂടിയ ഷോപ്പിങ്ങ് സേവനമാണ് ലുലു ഉറപ്പാക്കുന്നത്.
എഐ അടക്കമുള്ള സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഷോപ്പിങ് അനുഭവമാണ് ലുലു ഉറപ്പാക്കുന്നതെന്ന് എം.എ. യൂസഫലി വ്യക്തമാക്കി. എഐ സഹായത്തോടെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ നിർദ്ദേശിക്കുക, ഓട്ടോമേഷൻ, കൂടുതൽ വേഗത്തിലുള്ള ഓൺലൈൻ പർച്ചേസിങ്, സുരക്ഷിതമായ പേയ്‌മെന്റ് തുടങ്ങി ഷോപ്പിങ് കൂടുതൽ മികച്ചതാക്കുകയാണ് ലുലുവിന്റെ ലക്ഷ്യം.
ലുലു മിനിട്സ് 2.0 സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ ആകർഷകമായ കൂപ്പൺ ഓഫറുകളും വിലക്കിഴിവും ഓൺലൈൻ ഓർഡറുകളിൽ ലഭിക്കും. ഓൺലൈൻ ഷോപ്പിംഗിൽ 10 മുതൽ 200 റിയാൽ വരെ കിഴിവ് ലഭിക്കുന്നതാണ് ഓഫറുകൾ. ഗിഫ്റ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒന്നിലധികം ഓർഡറുകളിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.