അബുദാബിയിൽ അധ്യാപകർക്ക് പുതിയ പെരുമാറ്റച്ചട്ടം
അബുദാബി: സ്കൂളുകളിൽ അധ്യാപകരുടെ ധാർമിക നിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അബുദാബി പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. വിദ്യാർഥികളെയും സഹപ്രവർത്തകരെയും പൊതുസമൂഹത്തെയും സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, തൊഴിൽപരമായ മികവ് എന്നിവ ഉറപ്പുവരുത്തുന്നതിനുമാണ് ഈ ചട്ടം രൂപകൽപന ചെയ്തിരിക്കുന്നത്. ചട്ടം ലംഘിക്കുന്നവർക്ക് നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പുതിയ കോഡ് അനുസരിച്ച് അധ്യാപകർ കർശനമായി ഒഴിവാക്കേണ്ട ചില പെരുമാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
മതം, വംശം, ഉത്ഭവം, സാമൂഹിക പദവി, പ്രായം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ഗർഭിണികളോടും നവജാതശിശുക്കളുടെ അമ്മമാരായ ജീവനക്കാരോടും വിവേചനം കാണിക്കുന്നത് കുറ്റകരമാണ്.
ഭീകരവാദം, വംശീയത, വർഗീയത, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വിവേചനപരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നത് തടയും.
സാംസ്കാരികമായി അനുചിതമെന്ന് കരുതുന്നതോ സ്കൂളിന്‍റെ ഡ്രസ് കോഡിന് വിരുദ്ധമായതോ ആയ മാന്യമല്ലാത്ത വസ്ത്രധാരണം അനുവദനീയമല്ല.
സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക, കിംവദന്തികൾ പ്രചരിപ്പിച്ച് അവരുടെ സൽപ്പേര് കളങ്കപ്പെടുത്തുക, ജോലി സംബന്ധമായ വിവരങ്ങളിൽ നിന്ന് മനഃപൂർവം ഒഴിവാക്കുക എന്നിവയും വിലക്കിയിട്ടുണ്ട്.