ഓൺലൈൻ വഴി ലൈംഗിക ചൂഷണം: എട്ട് പേർക്ക് തടവുശിക്ഷ വിധിച്ച് അബുദാബി കോടതി
അബുദാബി: ഓൺലൈനിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയം നടത്തിയ രാജ്യാന്തര ഓപ്പറേഷനിൽ 14 രാജ്യങ്ങളിൽ നിന്നായി 188 പേരെ അറസ്റ്റ് ചെയ്തു. 165 കുട്ടികളെ സൈബർ കുറ്റവാളികളിൽ നിന്ന് രക്ഷപ്പെടുത്താൻ ഈ ഓപ്പറേഷൻ മൂലം സാധിച്ചു.
ഓൺലൈൻ ബാലപീഡനം തടയുന്നതിനുള്ള യുഎഇയുടെ ശക്തമായ നിലപാടിന്‍റെ ഭാഗമായാണ് ‘ഷീൽഡ് ഓഫ് ഹോപ്’ എന്ന് പേരിട്ട ഈ ദൗത്യം നടത്തിയത്.
റഷ്യ, ഇന്തോനേഷ്യ, ബെലാറസ്, സെർബിയ, കൊളംബിയ, തായ്‌ലൻഡ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, ഇക്വഡോർ, മാലദ്വീപ്, ഉസ്ബെക്കിസ്താൻ എന്നിവിടങ്ങളിലെ പൊലീസ് ഏജൻസികളുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്.
ഇന്‍റർപോളിന്‍റെ സഹായവും ദൗത്യത്തിനുണ്ടായിരുന്നു. അന്വേഷണത്തിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനും അവരുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കാനും ഉപയോഗിച്ച നൂറുകണക്കിന് ഡിജിറ്റൽ അക്കൗണ്ടുകൾ കണ്ടെത്തി.