dubai 
Pravasi

സെയ്ഹ് അൽ സലാം സീനിക് റൂട്ടിനും ഗ്രാമീണ വികസനത്തിനുമുള്ള മാസ്റ്റർ പ്ലാനിന്‌ അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

നടപ്പാക്കുന്നത് 390 മില്യൺ ദിർഹത്തിന്‍റെ പദ്ധതികൾ

ദുബായ്: ദുബായ് എമിറേറ്റിലെ ഗ്രാമീണ - വിനോദ സഞ്ചാര മേഖലയുടെ മുഖച്ഛായ മാറ്റുന്ന വൻ പദ്ധതികൾക്ക് യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

സെയ്ഹ് അൽ സലാം സീനിക് റൂട്ടിനും ഗ്രാമീണ മേഖലയുടെ വികസനത്തിനുമുള്ള 390 മില്യൺ ദിർഹത്തിന്‍റെ പദ്ധതികൾക്കാണ് ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകിയത്. 2024 മുതൽ 2028 വരെയുള്ള കാലഘട്ടത്തിലാണ് 2216 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇവ നടപ്പാക്കുന്നത്.

സെയ്ഹ് അൽ സലാം സീനിക് റൂട്ടിൽ അഞ്ച് വിനോദ കേന്ദ്രങ്ങളാണ് നിർമിക്കുക. ഇതിന് പുറമെ 97.86 കിലോമീറ്റർ സൈക്കിൾ ട്രാക്ക് നിർമിച്ച് മൊത്തം സൈക്കിൾ ട്രാക്കിന്‍റെ ദൈർഘ്യം 156.61 കിലോ മീറ്ററായി ഉയർത്തും.

ഗ്രാമീണ മേഖലയെ സൗന്ദര്യവൽക്കരിക്കുകയും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുക എന്ന യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

  1. അൽ ഖുദ്ര ഹബ് കേന്ദ്രം: അൽ ഖുദ്ര തടാകത്തിന് സമീപമുള്ള പ്രധാന ഹബ് സ്റ്റേഷനിൽ പ്രാദേശിക ഉത്പന്നങ്ങൾ ലഭ്യമാകുന്ന പരമ്പരാഗത വിപണി ഒരുക്കും. തുറന്ന സിനിമ തിയേറ്ററും ക്യാമ്പിങ്ങ് സൗകര്യവും ഏർപ്പെടുത്തും.

  2. വന്യ ജീവി സങ്കേതം: ഫ്ലെമിംഗോ തടാകത്തിന് സമീപമാണ് വന്യ ജീവി സങ്കേതം ഒരുങ്ങുന്നത്. ഇവിടെ ഹോട്ട് എയർ ബലൂൺ സവാരി, ആഡംബര ക്യാമ്പിങ്ങ്, ലൗ, ഖുദ്ര, ഫ്ലെമിംഗോ തടാകങ്ങളെ ബന്ധിപ്പിക്കുന്ന ഉയർന്ന നടപ്പാത, തടാകങ്ങളിലൂടെയുള്ള കയാക്കിങ് എന്നീ സൗകര്യങ്ങൾ ഉണ്ടാവും.

  3. സാഹസിക കേന്ദ്രം: എക്സ്പോ 2020 തടാകത്തിന് സമീപമാണ് സാഹസിക പാർക്ക് നിർമിക്കുന്നത്. പാർക്കിലെ ഒറിക്‌സ് പ്ലാറ്റ് ഫോമിനടുത്ത് നടക്കാനും ശാരീരിക ക്ഷമത നിലനിർത്താനുമുള്ള സൗകര്യം ഉണ്ടാകും. എക്സ്പോ തടാകത്തിന് ചുറ്റും സൈക്ലിങ്ങിനും നടത്തത്തിനുമുള്ള മണൽ പാതകൾ നിർമിക്കും. ഇവിടെ ചെലവ് കുറഞ്ഞ ക്യാമ്പിങ് സൗകര്യവും ഭക്ഷ്യശാലകളുമുണ്ടാവും.

  4. അൽ മർമൂം ഒട്ടക ഫാമിന് സമീപം മജ്‌ലിസും തിയേറ്ററും സജ്ജമാക്കും. ഒട്ടക സവാരി, മരുഭൂയാത്ര എന്നിവക്കൊപ്പം പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾ രുചിക്കാനുള്ള അവസരവും ലഭിക്കും.

  5. മരുഭൂ സാഹസിക കേന്ദ്രം : മരുഭൂമിയിൽ സാഹസിക വിനോദങ്ങളും കായിക ഇനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിൽ പുറം വിനോദപരിപാടികളാണ് പ്രധാനമായും ഉണ്ടാവുക. ഡൂൺ ബാഷിങ്ങ്, മരുഭൂ സൈക്കിൾ സവാരി, മണൽ കുന്ന്കയറ്റം, സാൻഡ് ബോർഡിങ്ങ്, ഡസർട്ട് സഫാരി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഈ മേഖലയിലെ താമസക്കാർക്ക് 18 പുതിയ സേവനങ്ങൾ ലഭ്യമാക്കും. മൂന്ന് നേഴ്സറികൾ, 7 പാർക്കുകൾ, ഒരാശുപത്രി, ഒരു ആരോഗ്യ കേന്ദ്രം, ആംബുലൻസ് സ്റ്റേഷൻ, സിവിൽ ഡിഫൻസ് സേവനം എന്നിവ ലഭ്യമാക്കും. ഗ്രാമീണ മേഖലയിൽ ഗതാഗത സംവിധാനം വ്യാപിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലഹ് ബാബ്, അൽ അവിർ, അൽ ലിസെയ്‌ലി തുടങ്ങിയ മേഖലകളിലാണ് ഗതാഗത സംവിധാനം ശക്തമാക്കുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ