'സ്മാർട്ട് റെഡ് കാർപെറ്റ്' കോറിഡോറിന് മികച്ച പ്രതികരണം
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച 'സ്മാർട്ട് റെഡ് കാർപെറ്റ്' കോറിഡോറിന് മികച്ച പ്രതികരണം.
പാസ്‌പോർട്ടോ ബോർഡിങ് പാസോ ഹാജരാക്കാതെ ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ നൂതന സംവിധാനം യാത്രക്കാർക്ക് 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ദുബായിലെ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ അത്യാധുനിക പാസഞ്ചർ കോറിഡോർ യാഥാർഥ്യമാക്കിയത്. നിർമിത ബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.