ദുബായ്: കഴിഞ്ഞ വർഷം ദുബായിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 17 ഡെലിവറി റൈഡർമാർ മരിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. മോട്ടോർ സൈക്കിൾ യാത്രക്കാർ ഉൾപ്പെട്ട 616 അപകടങ്ങളിൽ 26 പേർ മരിച്ചെന്നും ദുബായ് പൊലീസിലെ ഗതാഗത-ബോധവത്ക്കരണ വിഭാഗം മേധാവി ലഫ്.കേണൽ അബ്ദുൽ റഹ്മാൻ ഉബൈദ് ജുമാ അൽ ഫലാസി വ്യക്തമാക്കി.
എമിറേറ്റിലെ ആകെ മരണങ്ങളിൽ 20 ശതമാനവും മോട്ടോർ സൈക്കിൾ യാത്രികരാണെന്ന് അബ്ദുൽ റഹ്മാൻ ഉബൈദ് ജുമാ അൽ ഫലാസിപറഞ്ഞു. ദുബായിൽ രജിസ്റ്റർ ചെയ്യുന്ന മോട്ടോർ സൈക്കിളുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2019 മുതൽ 2020 വരെ മോട്ടോർ സൈക്കിളുകളുടെ രജിസ്ട്രേഷനിൽ 150 ശതമാനത്തിലധികം വർധനയുണ്ടായി.
അതിനു ശേഷം രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ 20 ശതമാനം വളർച്ചയുണ്ടായെന്നും അൽ ഫലാസി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്ത് താമസക്കാർക്കും ഭക്ഷ്യ-വാതക വിതരണ ഔട്ട്‌ലെറ്റുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഹോം ഡെലിവറി സേവനങ്ങൾക്കുള്ള ആവശ്യകത വലിയ അളവിൽ കൂടിയതാണ് ഇതിനു കാരണമായത്.
തലബാത്, കരീം, ഡെലിവറൂ, നൂൺ തുടങ്ങിയ ഡെലിവറി കമ്പനികൾ ഇന്ന് യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ വ്യാപകമാണ്. എല്ലാ ആഴ്ചയും ഡെലിവറി റൈഡർമാർക്കായി പൊലീസ് ബോധവത്ക്കരണ പരിപാടികൾ നടത്താറുണ്ട്. മരണ നിരക്ക് കുറയ്ക്കലാണ് പൊലീസിന്‍റെ ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് എന്നും അൽ ഫലാസി കൂട്ടിച്ചേർത്തു.