ദുബായ്: ഇന്ത്യൻ പൗരന്മാരുടെ യുഎഇ സന്ദർശനത്തിനുള്ള വിസിറ്റ് വിസ നിബന്ധനകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അധികൃതർ. സിംഗപ്പുർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ക്യാനഡ എന്നിവിടങ്ങളിൽ റെസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്ക് ഇനി മുൻകൂർ വിസ എടുക്കാതെ തന്നെ യുഎഇയിൽ പ്രവേശിക്കാമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
ഈ മാസം 13 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ റെസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് നേരത്തെ തന്നെ ഈ ആനുകൂല്യം നൽകിയിരുന്നു.
പാസ്‌പോർട്ടുകൾക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുത ഉണ്ടായിരിക്കുകയും, രാജ്യത്തിന്‍റെ നിയന്ത്രണങ്ങൾക്കനുസൃതമായി, ബാധകമായ ഫീസ് അടയ്ക്കുകയും ചെയ്താൽ ഇവിടെ എത്തിച്ചേരുമ്പോൾ ഈ വ്യക്തികൾക്ക് യുഎഇയിലെ എല്ലാ അംഗീകൃത എൻട്രി പോയിന്‍റുകളിലും എൻട്രി വിസ ലഭിക്കുന്നതാണ്.